cyanide

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ജോളിയെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മുപ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന ആവശ്യമായിരുന്നു അന്വേഷണസംഘത്തിന്റേത്. സിലിയുടെ 30 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് കണ്ടെടുക്കാനും ജോളിക്ക് സയനൈഡ് ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താനും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം.

ജോളിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് മജിസ്ട്രേട്ട് ആരാഞ്ഞു. അറിയില്ലെന്നായിരുന്നു ജോളിയുടെ മറുപടി. തുടർന്ന് സൗജന്യനിയമസഹായം ലഭ്യമാക്കാൻ തയ്യാറാക്കിയ പാനലിലെ അഡ്വ. കെ. ഹൈദറെ നിയോഗിച്ച് മജിസ്ട്രേട്ട് ഉത്തരവായി. ഇതോടെ കേസിൽ നിന്ന് ആളൂർ പുറത്തായി.

മാനസികസമ്മർദ്ദത്തിന് തനിക്ക് ചികിത്സ കിട്ടണമെന്ന ജോളിയുടെ ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല. സിലി കൊലക്കേസിൽ മാത്രമാണ് ജോളിക്ക് ഇപ്പോൾ സൗജന്യനിയമസഹായം ലഭ്യമാക്കിയിട്ടുള്ളത്.

കേസിനാസ്പദമായ സംഭവം 2016 ജനുവരി 11നായിരുന്നു. ഷാജു താമരശ്ശേരിയിലെ ഒരു ഡെന്റൽ ക്ളിനിക്കിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ പുറത്ത് കാത്തിരുന്ന സിലിക്ക് ഒപ്പമുണ്ടായിരുന്ന ജോളി ഡയനൈഡ് നിറച്ച ഗുളിക നൽകുകയായിരുന്നു. പെട്ടെന്ന് കുഴഞ്ഞുവീണ സിലിയുടെ മരണം ഉറപ്പാക്കാൻ തൊട്ടടുത്തുള്ള താമരശേരി ഗവ. ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ദൂരെ ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിലാണ് എത്തിച്ചത്. സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ സയനൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കുമായിരുന്നു. താമരശ്ശേരിയിൽ നിന്ന് ഓമശ്ശേരിയിലേക്ക് ദൂരം കുറവുള്ള കൂടത്തായി റൂട്ട് ഒഴിവാക്കി മൂന്ന് കിലോമീറ്ററോളം അധികം ദൂരം വരുന്ന മാനിപുരം വഴിയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ തിരിച്ചയയ്ക്കുകയാണ് ചെയ്തത്.