ഫറോക്ക്: ഫറോക്ക് നഗരസഭയിലൂടെ കടന്നുപോകുന്ന എല്ലാം റോഡുകളും കുണ്ടും കുഴിയുമായി ഗതാഗതം താറുമാറായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ദുരിതമായിട്ടും നടപടിയെടുക്കേണ്ട അധികൃതരുടെ മൗനത്തിൽ നാട്ടുകാർക്ക് അമർഷം. ഫറോക്ക് അങ്ങാടിക്ക് ചുറ്റുമുള്ള എല്ലാം റോഡുകളും തകരാറിലാണ്. കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അടക്കം പലരും ആശുപത്രികളിൽ ചികിത്സയിലാണ് കഴിഞ്ഞ ശനിയാഴ്‌ച രാത്രി കടലുണ്ടി - ഫറോക്ക് റോഡിൽ പെട്രോൾ പമ്പിന് മുൻവശത്തുള്ള കുഴിയിൽ സ്‌കൂട്ടറിൽ പോകുകയായിരുന്ന മങ്ങാട്ടു നിലം ലക്ഷ്മി നിവാസിൽ സുരേഷ് ബാബു(45) കാലിന്റെയും കയ്യുടെയും എല്ലു പൊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലാണ് . അധികൃതരുടെ അലംഭാവത്തിൽ പ്രതിക്ഷേധിച്ച് കടലുണ്ടി - ചാലിയം റോഡിലെ അത്തം വളവ് മുതൽ കഷായപ്പടി വരെയുള്ള വലിയ ഗര്‍ത്തങ്ങള്‍ നാട്ടുകാര്‍ അടച്ചു. ഗര്‍ത്തങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയായിരുന്നു. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്ന് റോഡിലെ ജീവന് ഭീഷണിയായ വന്‍കുഴികള്‍ സ്രാങ്ക്പടി എസ് വൈ സി ആർട്സ് ആന്റ് സ്പോർട് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് അടച്ചത്. കടലുണ്ടി - ചാലിയം, പരപ്പനങ്ങാടി -തിരൂർ, പൊന്നാനി, എന്നിവിടങ്ങളിലേക്ക് റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. ഗുരുവായൂരിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. വിണ്ട് കീറിയ രീതിയിലുള്ള ഗര്‍ത്തങ്ങളായതിനാല്‍ ദൂരെ നിന്ന് വരുന്ന വാഹനയാത്രക്കാര്‍ക്ക് ഇവയുടെ ആഴവും വലിപ്പവും അറിയാനും സാധിക്കുകയില്ല. അതിനാല്‍തന്നെ മിക്ക വാഹനങ്ങളും കുഴികളില്‍പ്പെട്ട് വീഴുകയാണ് പതിവ്. റോഡില്‍ പതിയിരിക്കുന്ന അപകടംനിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോപണമുണ്ട്. വി സമീർ ,സി. ഹിജാസ്, ടി. സാദിഖ്, സി.പി താജുദ്ധീൻ, കെ ജാഫർ, എ മൊയ്തീൻകോയ, യു ജസീർ, കെ ഇബ്രാഹീം, എന്നിവർ കുഴികൾ അടയ്ക്കാൻ നേതൃത്വം നൽകി.