കോഴിക്കോട്: കല്ലുത്താൻ കടവിലെ കോളനി നിവാസികൾക്കായി പണിത ഫ്ലാറ്റ് സമുച്ചയം നവംബർ രണ്ടിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി പ്രവൃത്തി പൂർത്തീകരിച്ച കെട്ടിടം ഇന്നലെ വൈകിട്ട് മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കോർപ്പറേഷന് കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ താക്കോൽ ഏറ്റുവാങ്ങി. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനി (കാഡ്കോ), ചെയർമാൻ കെ.സി. മുജീബ് റഹ്മാൻ, മാനേജിംഗ് ഡയറക്ടർ എം. അലി എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്.
ഡെപ്യൂട്ടി മേയർ മീരാ ദർശക്, സ്ഥിരംസമിതി ചെയർപേഴ്സൺ ടി.വി. ലളിതപ്രഭ, കൗൺസിലർമാരായ പി.എം. സുരേഷ്ബാബു, സി. അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, പി. ഉഷാദേവി, പി. കിഷൻചന്ദ്, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കാഡ്കോ പ്രൊജക്ട് അഡ്വൈസർ ശരത് ചന്ദ്രൻ, ആർക്കിടെക്റ്റ് ദീപക് ഇല്ലത്തുകണ്ടി തുടങ്ങിയവർ പങ്കെടുത്തു.

ഏഴ് നിലയുള്ള നാല് കെട്ടിടത്തിൽ 141 ഭവനങ്ങളാണ് ഉള്ളത്. കിടപ്പുമുറി, അടുക്കള, ബാത്ത്റൂം, ഡൈനിംഗ് ഹാൾ എന്നിവയാണ് ഓരോ ഫ്ലാറ്റിലും ഉള്ളത്. 2005 ആരംഭിച്ച പദ്ധതി നാല് വർഷത്തോളം വൈകി. 2009ലാണ് ശിലാസ്ഥാപനം നടത്തിയതെങ്കിലും നിർമാണത്തിലേക്ക് കടക്കാൻ 2014 വരെ കാത്തിരിക്കേണ്ടി വന്നു. 2017 ഡിസംബർ 31ന് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാർ.

കല്ലുത്താൻ കടവിലെ 89 കുടുംബങ്ങൾക്കും മുതലക്കുളത്ത് കുടിയൊഴിപ്പിക്കപ്പെട്ട 12 കുടുംബങ്ങൾക്കും സ്റ്റേഡിയത്തിന് സമീപത്തെ സത്രം കോളനി വാസികൾക്കുമാണ് ഫ്ലാറ്റുകൾ നൽകുക. അർഹരായവരുടെ അന്തിമ ലിസ്റ്റ് അടുത്ത കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിക്കും.

കഴിഞ്ഞ ആഗസ്റ്റ് 17ന് കെട്ടിടം സന്ദർശിച്ച തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഒക്ടോബർ രണ്ടിന് കെട്ടിടം കൈമാറണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് നിർമാതാക്കൾ പ്രവൃത്തി വേഗത്തിലാക്കുകയായിരുന്നു.