കൂടരഞ്ഞി : അടുത്ത സംസ്ഥാന ബജറ്റിൽ ബജറ്റിൽ കക്കാടംപൊയിൽ ടൂറിസം വില്ലേജായി പ്രഖ്യാപിക്കുമെന്ന് ജോർജ് എം തോമസ് എംഎൽഎ. ഈ ആവശ്യമുന്നയിച്ച് കൂടരഞ്ഞിവില്ലേജ് ഓഫീസിനു മുന്നിൽ കക്കാടംപൊയിൽ സർവ്വകക്ഷി യോഗം ആരംഭിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മാത്രം കാണുകയുംമനുഷ്യനെ മറന്നു പോകുകയും ചെയ്യുന്ന കേവല മൗലികവാദ സമീപനമാണ് ചില പരിസ്ഥിതി വാദികളിൽ നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കക്കാടം പൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കുക, കപട പരിസ്ഥിതി വാദം തള്ളിക്കളയുക, അവാസ്തവ റിപ്പോർട്ട്‌ നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മുതൽ ചൊവ്വാഴ്ച രാവിലെ 11 വരെയാണ് സമരം. ഉദ്ഘാടന ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്തംഗം കെ എസ് അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സമരത്തെ പിന്തുണച്ച് കക്കാടംപൊയിലിൽ വ്യാപാരികൾ ഹർത്താൽ ആചരിച്ചു. സൂസമ്മ, ജോസ് പള്ളികുന്നേൽ, പി. എൻ തങ്കപ്പൻ,പി എം തോമസ് , അജയൻ വല്യാട്കണ്ടം, ഷൈജു കൂടരഞ്ഞി, ജോൺസൺ കുളത്തിങ്ങൽ, ബഷീർ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. അതേ സമയം സമരത്തിനെതിരെ വിയർശനവും ഉയരുന്നുണ്ട്‌. കൃത്യനിർവ്വഹണത്തിൽ സത്യസന്ധതയും കാര്യക്ഷമതയും പുലർത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ ക്രൂശിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സമരമെന്നാണ് ഒരു വിമർശനം. കോടതി ഇടപെട്ട് തടഞ്ഞ ചില അനധികൃത നിർമാണങ്ങളും നടപടികളും പുനരാരംഭിക്കാൻ സഹായിക്കലാണെന്നും ആരോപണമുയരുന്നു. കക്കാടംപൊയിൽ ഉൾപെടെയുള്ള കുടരഞ്ഞിയുടെ കിഴക്കൻ മലയോരം തികച്ചും പ്രകൃതി സൗഹൃദ ടൂറിസം മേഖലയായി പ്രഖ്യാപിക്കണമെന്ന വ്യത്യസ്ത നിലപാടുമായി സി പി ഐ യും രംഗത്തുണ്ട്. റവന്യൂ ഭൂമിയും വനഭൂമിയും കയ്യേറുന്നതും പാരിസ്ഥിതിക അനുമതി കൂടാതെ കെട്ടിട നിർമാണങ്ങളും ഖനനങ്ങളും നടത്തുന്നതും വ്യാപകമാവുന്നതിനിടെ നിയമാനുസൃതം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്ന നീക്കം ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പു നൽകുന്നു.