jolly

കോഴിക്കോട്: കാണാതായ നാല്പത് പവൻ സ്വർണാഭരണങ്ങളുടെ കാര്യത്തിൽ കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളിയും രണ്ടാംഭർത്താവ് ഷാജുവും പരസ്പരം പഴി ചാരുന്നതിനാൽ അന്വേഷണസംഘം ഇരുവരെയും ഒന്നിച്ച് ചോദ്യം ചെയ്യും. സിലിയുടെ ആഭരണങ്ങൾ ഭർത്താവ് ഷാജുവിനെ ഏല്പിച്ചതാണെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന് തനിക്കറിയില്ലെന്നുമാണ് ജോളിയുടെ മൊഴി. എന്നാൽ ആഭരണങ്ങളൊന്നും ജോളി തനിക്ക് കൈമാറിയിട്ടില്ലെന്നാണ് നേരത്തേ ഷാജു മൊഴി നൽകിയത്.

വിവാഹസമയത്ത് സിലിക്ക് 40 പവന്റെ ആഭരണങ്ങൾ നൽകിയതിനു പുറമെ പിന്നീട് മക്കൾക്കും ആഭരണങ്ങൾ കൊടുത്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സിലിയുടെ മരണത്തോടെ ഈ സ്വർണത്തിന്റെ ഒരു വിവരവും ഇല്ലാതായി. ആഭരണങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതെല്ലാം ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചെന്നാണ് ഷാജു മറുപടി നൽകിയത്. സിലി സൂക്ഷിച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ സഹോദരിയുടെ ഒരു പവൻ വളയും ഉണ്ടായിരുന്നുവെന്ന് പറഞ്ഞതോടെ ദിവസങ്ങൾക്കു ശേഷം ആ വള മാത്രം ഷാജു എത്തിച്ചു. സിലിയുടെ മരണം കൊലപാതകമാണെന്ന് മനസിലായതോടെയാണ് വീട്ടുകാർ ആഭരണങ്ങളുടെ കാര്യത്തിൽ പരാതി നൽകിയത്. വടകര കോസ്റ്റൽ സി.ഐ ബി.കെ ബിജുവിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ചോദ്യംചെയ്യൽ തുടങ്ങിയെങ്കിലും ജോളിയുടെ നിസ്സഹകരണം കാരണം തുടക്കത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഉച്ചയ്ക്ക് ശേഷം ഡിവൈ. എസ്.പി കെ.വി.വേണുഗോപാൽ എത്തിയശേഷമുള്ള ചോദ്യം ചെയ്യലിൽ സിലിയുടെ കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.