കോഴിക്കോട്: ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി മൊഴിമാറ്റി.
കൊല്ലപ്പെട്ട സിലിയുടെയും അന്നമ്മയുടെയും സ്വർണാഭരണങ്ങൾ തന്റെ സുഹൃത്ത് ബി.എസ്.എൻ.എൽ ജീവനക്കാരൻ ജോൺസൺ മുഖേന പണയം വച്ചെന്ന് ജോളി ഇന്നലെ മൊഴി നൽകി. സിലിയുടെ ആഭരണങ്ങൾ മുഴുവൻ തന്റെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെ ഏല്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ചോദ്യം ചെയ്യവെ ജോളി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നത്.
എത്ര പവൻ സ്വർണാഭരണങ്ങൾ പണയം വെച്ചെന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നായിരുന്നു മറുപടി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജോൺസണെ ചോദ്യം ചെയ്യും.
വിവാഹസമയത്ത് സിലിയ്ക്ക് 40 പവന്റെ ആഭരണങ്ങൾ നൽകിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. അന്നമ്മയുടേതായി മാലയും വളകളും കമ്മലുമുണ്ടായിരുന്നതായാണ് മകൾ രഞ്‌ജിയുടെ മൊഴി. അന്നമ്മയുടെ മരണശേഷം സ്വർണാഭരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഈ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമെന്ന മറുചോദ്യമായിരുന്നു ജോളിയുടേതെന്നും രഞ്ജി മൊഴി നൽകിയിട്ടുണ്ട്.
ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ വടകര കോസ്റ്റൽ സി.ഐ ഓഫീസിലാണ് ചോദ്യംചെയ്യൽ. 26ന് വൈകിട്ട് നാലു മണി വരെയാണ് കസ്റ്റഡി കാലാവധി.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. അനുവദിക്കുന്നില്ലെങ്കിൽ സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും.