jolly

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച പേഴ്‌സിൽ നിന്ന് വെളുത്ത നിറമുള്ള വിഷപ്പൊടിയുടെ പൊതി കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഏതു തരം വിഷമാണിതെന്ന് സ്ഥിരീകരിക്കാനാകൂ. കൂടാതെ ജോളി സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

സിലി കൊലക്കേസിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് കാറിന്റെ രഹസ്യഅറയിൽ വിഷം സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പറഞ്ഞത്. തുടർന്ന് പൊന്നാമറ്റം വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ നിറുത്തിയിട്ടിരുന്ന കാർ പരിശോധിക്കുകയായിരുന്നു.

സിലിയുടെ കൊലപാതകം ഷാജുവിനും പിതാവ് സഖറിയയ്ക്കും അറിയാമായിരുന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്നലെ വിശദമായി ചോദ്യം ചെയ്തു. വെവ്വേറെയുള്ള ചോദ്യം ചെയ്യലിനു ശേഷം ഇവരെ ജോളിയ്ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്തിരുന്നു.

ദന്താശുപത്രിക്ക് മുന്നിൽ കാത്തിരിക്കവെ ജോളി നൽകിയ ഗുളിക കഴിച്ചതോടെ കുഴഞ്ഞു വീഴുകയായിരുന്നു സിലി. മരണം ഉറപ്പാക്കാൻ ദൂരം കൂടുതലുള്ള വഴിയിലൂടെയാണ് ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും അതല്ലെങ്കിൽ ബന്ധുക്കൾ രേഖാമൂലം അറിയിക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ സിലിയുടെ സഹോദരൻ പോസ്റ്റ്മോർട്ടത്തിനായി ശഠിച്ചതാണ്. എന്നാൽ ജോളിയും ഷാജുവും പോസ്റ്റ്മോർട്ടം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു. പിന്നീട് ഷാജു രേഖാമൂലം എഴുതിക്കൊടുക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ടും ഷാജുവിനോട് അന്വേഷണസംഘം വിശദീകരണം തേടി. ചോദ്യം ചെയ്യലിനു ശേഷം ഇരുവരെയും വിട്ടു. മൂന്നാംതവണയാണ് അന്വേഷണസംഘം ഇരുവരെയും ചോദ്യം ചെയ്യുന്നത്.

ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളോട് ഇന്ന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലറകൾ തുറക്കാൻ തീരുമാനിച്ച സമയത്ത്, തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് ജോളി കട്ടപ്പനയിലെ ചില ബന്ധുക്കളോട് പറഞ്ഞതായി വിവരമുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അവരെ വരുത്തുന്നത്.