മുക്കം: നഗരസഭ സെക്രട്ടറി നേരിട്ടെത്തി മാലിന്യ ചാക്കുകൾ പരിശോധിച്ചപ്പോൾ ഉത്തരവാദികളെ കണ്ടെത്തി. ശിക്ഷയും വിധിച്ചു. മാലിന്യ നിക്ഷേപത്തിനെതിരെ നിരന്തരം നൽകിയ അറിയിപ്പുകൾ മാനിക്കാതെ റോഡരികിൽ മാലിന്യം കൂട്ടിയിട്ട നടപടിയാണ് സെക്രട്ടറിയെ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ നീലേശ്വരം സ്കൂളിനു സമീപമാണ് റോഡരികിൽ നൂറോളം ചാക്ക് മാലിന്യം കൂട്ടിയിട്ടത്. ഇതു സംബന്ധിച്ച് നാട്ടുകാരിൽ നിന്ന് സെക്രട്ടറിക്ക് പരാതി ലഭിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി റോഡരികിൽ തള്ളിയതാണ് കണ്ടെത്തിയത്. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും മാലിന്യ നിക്ഷേപം നടത്തിയ ആക്രികട അടച്ചുപൂട്ടാൻ ഉത്തരവ് നൽകുകയും ചെയ്തു. മാലിന്യ നിക്ഷേപം നടത്തുന്നവർക്ക് 25000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കേസ് ചാർജ്ജ് ചെയ്ത് പ്രോസിക്യൂഷന് വിധേയമാക്കുമെന്ന് സെക്രട്ടറി മുന്നറിയിപ്പു നൽകി. സെക്രട്ടറി എൻ. കെ ഹരീഷ്, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. മധുസൂദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ മുദ്ദസിർ, എൻ.കെ ലൂഷൻ എന്നിവരുമുണ്ടായിരുന്നു.