@ പരസ്യം വെക്കാൻ പുതിയ നിയമാവലി
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉടൻ അന്തിമ തീരുമാനം എടുക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
മന്ത്രിമാരും കളക്ടറും മേയറും മറ്റ് ജനപ്രതിനിധികളും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വാഹന നിയന്ത്രണമെന്നും ഇതിനായുണ്ടാക്കിയ പ്രത്യേക കമ്മിറ്റി യോഗം ചേർന്ന് മാത്രമേ ഇതിൽമാറ്റം വരുത്താൻ സാധിക്കുകയുള്ലൂവെന്ന് മേയർ പറഞ്ഞു.
സി. അബ്ദുറഹിമാനും കെ.എം. റഫീക്കുമാണ് വിഷയം കൗൺസിലിൽ ശ്രദ്ധ ക്ഷണിക്കലായി അവതരിപ്പിച്ചത്. രണ്ട് വർഷത്തിലേറെയായുള്ള നിയന്ത്രണം പിൻവലിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. വ്യാപാരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
നഗരത്തിൽ പരസ്യം വെക്കുന്നതിനുള്ള നിയമാവലിക്ക് കൗൺസിൽ അംഗീകാരം നൽകി.
കോർപ്പറേഷന്റെ അനുവാദമില്ലാതെ നഗരത്തിൽ പരസ്യം വെക്കാൻ സാധിക്കില്ല. ഇതിനായി ഡെപ്പോസിറ്റ്,ലൈസൻസ്, പെർമിറ്റ് ഫീസ് അടയ്ക്കണം. നിയമാവലി നടപ്പാക്കുന്നതോടെ വർഷം ഒന്നരക്കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് സെക്രട്ടറി ബിനു ഫ്രാൻസിസ് വ്യക്തമാക്കി.
ഹോർഡിംഗുകൾ, പോസ്റ്ററുകൾ, തൂണുകൾ, ഇലക്ട്രോണിക് മാദ്ധ്യമത്തിലുള്ളവ, ആകാശ പരസ്യങ്ങൾ, വാഹനത്തിലും മറ്റുമുള്ള തുടങ്ങി എല്ലാതരം പരസ്യങ്ങളും നിയമാവലിയിൽ ഉൾപ്പെടും.
ദേശീയപാത, ബൈപ്പാസ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബീച്ച്, കനോലി കനാലിന് സമീപം, പാർക്ക്, പ്രധാന ജംഗ്ഷൻ എന്നിവ പ്രഥമ മേഖലയും ചെറുറോഡുകൾ, പ്രാന്തപ്രദേശങ്ങൾ എന്നിവ ദ്വിതീയ മേഖലകളുമാണ്. മാനാഞ്ചിറ പരസ്യമുക്ത മേഖലയാണ്. മേഖലകൾക്കനുസരിച്ച് ഫീസ് ഇനത്തിൽ മാറ്റമുണ്ടാകും.
തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുമെന്ന് മേയർ അറിയിച്ചു. കർണാടക ആസ്ഥാനമായുള്ള കമ്പനി കേടുവന്ന തെരുവുവിളക്കുകളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാക്കി ഓരോ വാർഡിലെയും മുഴുവൻ തെരുവുവിളക്കുകളും കത്തിക്കാനാവശ്യമായ നടപടികൾ മൂന്നാ നാലോ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മേയർ കൗൺസിലിന് ഉറപ്പുനൽകി. അടിയന്തര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഉടൻതന്നെ അറ്റകുറ്റപ്പണികൾ നടത്തും.
@ എ.ബി.സി സ്ക്വാഡിൽ അംഗങ്ങൾ കുറവ്
എ.ബി.സി സെന്ററിലേക്ക് നായകളെ എത്തിക്കുന്നതിനുള്ള സ്‌ക്വാഡിൽ അംഗങ്ങൾ കുറവാണെന്നും രണ്ടു പേരെ കൂടി പുതുതായി നിയമിക്കുമെന്നും ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ 1961 തെരുവുനായകളെ ഇതിനകം വന്ധ്യംകരിച്ചതായി അദ്ദേഹം പറഞ്ഞു. തെരുവുനായകളുടെ ശല്യം ചൂണ്ടിക്കാട്ടി നമ്പിടി നാരായണൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
@ കല്ലുത്താൻ കടവ് ഫ്ലാറ്റ് ഗുണഭോക്തൃലിസ്റ്റ് ഇന്ന് അംഗീകരിക്കും
കല്ലുത്താൻ കടവ് ഫ്ലാറ്റ് സമുച്ചയത്തിലെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായി കോർപ്പറേഷൻ കൗൺസിലിന്റെ അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 11ന് കോർപറേഷൻ കൗൺസിൽ ഹാളിലാണ് യോഗം.