വടകര: വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ പറഞ്ഞു. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനവും ആശുപത്രി പരിസരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
13.70 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആറ് നില കെട്ടിടത്തിന്റെ നിർമാണം എട്ട് മാസത്തിനുള്ളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പൂർത്തീകരിക്കും. പ്രസവ ശുശ്രൂഷാകേന്ദ്രത്തിന്റെ ഗുണനിലവാരം ഉയർത്തുന്ന പദ്ധതിയായി ലക്ഷ്യ നിർദേശിക്കുന്ന പ്രകാരമുള്ള നിലവാരത്തിലുള്ള ഗൈനക് വാർഡുകൾ വടകര ജില്ലാ ആശുപത്രിയിൽ ഏർപ്പെടുത്തും. ഒപ്പം ട്രോമാകെയർ സംവിധാനം മെച്ചപ്പെടുത്തും. നിലവിലെ സ്ഥലപരിമിതിക്കുള്ളിലെ ബ്ലഡ് ബാങ്ക് ആധുനിക സൗകര്യങ്ങളോടെ കൂടുതൽ മെച്ചപ്പെടുത്തും. ആശുപത്രി 210 ബെഡ് സൗകര്യത്തിൽ നിന്നും 250 ആക്കി മാറ്റും. വടകര ജില്ലാ ആശുപത്രിയിൽ വിസിറ്റിംഗ് നെഫ്രോളജിസ്റ്റിനെ ലഭ്യമാക്കാൻ നടപടിയെടുക്കും. ,ആരോഗ്യ മേഖലയിൽ പുതിയ തസ്തിക സൃഷ്ടിക്കുമ്പോൾ വടകര ജില്ലാ ആശുപത്രിക്ക് പ്രഥമ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. 1961 ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ആരോഗ്യ മേഖല ഇപ്പോഴും മുന്നോട്ടു പോകുന്നത് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ വർഷം 504 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടത്തുകയാണ്. നിലവിൽ 200 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനായി 1000 പുതിയ തസ്തിക സൃഷ്ടിക്കാൻ ധനകാര്യ വകുപ്പ് സഹായം നൽകിയിട്ടുണ്ട്. 5200 പുതിയ തസ്തികകളാണ് ആരോഗ്യമേഖലയിൽ നടപ്പാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കിയത് ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് തുടങ്ങില്ല. അത് സങ്കീർണമായ അവസ്ഥയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നത് തടയാൻ നമുക്ക് കഴിയണം. ആശുപത്രികൾ രോഗീ സൗഹൃദമാകണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ ജില്ലാ പഞ്ചായത്തിന്റെയും ആശാ വർക്കർമാരുടെയും സേവനം സ്തുത്യർമാണെന്നും മന്ത്രി പറഞ്ഞു. കല്ലുനിര അർബൻ പി.എച്ച്.സിയെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നടത്തി ചടങ്ങിൽ സി. കെ .നാണു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പി.ഡബ്ല്യു.ഡി എക്‌സി .എൻജിനീയർ ലേഖയും ജില്ലാ ആശുപത്രി സൂപ്രന്റ് ഡോ .അലി കെ .വി യും റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.ടി. ശ്രീധരൻ, ടി .കെ. രാജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.