കോഴിക്കോട്: കല്ലുത്താൻകടവ് ഫ്ലാറ്റിലേക്ക് ആദ്യ ഘട്ടത്തിൽ 101 കുടുംബങ്ങൾ താമസക്കാരായി എത്തും. ഇന്നലെ ചേർന്ന പ്രത്യേക കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു. കല്ലുത്താൻകടവ് കോളനിയിലെ 88 കുടുംബങ്ങളും ഭട്ട് റോഡ് ദോബി ഘാനയിലെ 13 കുടുംബങ്ങളുമാണ് താമസക്കാരായി എത്തുന്നത്. ഏഴുനിലകളിലായി 140 ഫ്ലാറ്റുകളാണ് സമുച്ചയത്തിലുള്ളത്. നവംബർ അഞ്ചിനകം കല്ലുത്താൻ കടവ് കോളനിയിലെ താമസക്കാർ പൂർണമായും ഫ്ലാറ്റിലേക്ക് മാറണം. തുടർന്ന് കല്ലുത്താൻകടവ് കോളനിയിലുള്ള കുടിലുകൾ പൊളിച്ചു മാറ്റും. പച്ചക്കറി മാർക്കറ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. കല്ലുത്താൻകടവിൽ നിലവിൽ 89 വീടുകളാണുള്ളത്. ഇതിൽ ഒരു വീട്ടിൽ താമസക്കാരില്ല.
കല്ലുത്താൻകടവിൽ ഒരു വീട്ടിൽ തന്നെ പല കുടുംബങ്ങളുണ്ടെന്നും ഇത്രയും പേർ ഒറ്റമുറി ഫ്ലാറ്റിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ടാവുമെന്നും അത് പരിഹരിക്കണമെന്നും വാർഡ് കൗൺസിലർ പി. ഉഷാദേവി ആവശ്യപ്പെട്ടു. നടക്കാവ് സി.എം.സി കോളനിയിലുള്ളവരെ കൂടി ഫ്ലാറ്റിനായി പരിഗണിക്കണമെന്ന് നവ്യാ ഹരിദാസും സ്റ്റേഡിയം സത്രം കോളനിയിലുള്ളവരെയും പരിഗണിക്കണമെന്ന് വി.ടി. സത്യനും പി. കിഷൻചന്ദും ആവശ്യപ്പെട്ടു.
അംഗീകരിച്ചപട്ടിക പ്രകാരമുള്ള 101 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ താമസിക്കാമെന്നും അടുത്തഘട്ടം പിന്നീട് തീരുമാനിക്കാമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
നവംബർ രണ്ടിന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്യും.