കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ചുറ്റുമതിലും കവാടവും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിലും കവാടവും നിർമിച്ചത്. പുതുതായി ഉദ്ഘാടനം കഴിഞ്ഞ ആറ് നില കെട്ടിടത്തിന് മുന്നിലായാണ് കവാടം നിർമ്മിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുഴുവൻ ചുറ്റുമതിലും പുതുക്കിപ്പണിതിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്. കാരുണ്യ കമ്യൂണിറ്റി ഫാർമസി, ആധുനിക ലബോററ്ററി, ശീതീകരിച്ച മെഡിക്കൽ റെക്കോർഡ് ലൈബ്രറി, സഹായികൾക്കുള്ള കൂട്ടിരിപ്പ് കേന്ദ്രം, പുതിയ കാന്റീൻ, ലക്ഷ്യ പദ്ധതി നിർദേശിക്കുന്ന നിലവാരത്തിലുള്ള, പ്രവൃത്തി പുരോഗമിക്കുന്ന സമ്പൂർണ്ണ പ്രസവചികിത്സാ കേന്ദ്രം, ഇൻസ്റ്റലേഷൻ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തിയ 3 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന സി ടി സ്‌കാൻ സെന്റർ, കാരണ്യ ഡയാലിസിസ് കേന്ദ്രം, ട്രോമാ കെയർ യൂണിറ്റ്, എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച അത്യാധുനിക ജീവൻ രക്ഷാ ആംബുലൻസ് തുടങ്ങി വിവിധ പദ്ധതികളാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

കനിവ് റോഡപകടത്തിൽ പെട്ടവർക്ക് അനുഗ്രഹം: ആരോഗ്യമന്ത്രി

കനിവ് 108 ആംബുലൻസുകളുടെ പ്രവർത്തനം റോഡപകടത്തിൽ പെട്ടവർക്ക് അനുഗ്രഹമാണെന്ന് ഉദ്ഘാടനചടങ്ങിൽ ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. വർഷത്തിൽ അയ്യായിരത്തിനടുത്ത് റോഡപകട മരണങ്ങളാണ് കേരളത്തിലുണ്ടാവുന്നത്. അപകടസ്ഥലത്ത് നിന്ന് തക്ക സമയത്ത് രോഗിയെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതും ശാസ്ത്രീയമായ രീതിയിലൂടെ അല്ലാതെ രോഗിയെ വണ്ടിയിലേക്ക് കയറ്റി ആശുപത്രിയിലെത്തിക്കുന്നതുമാണ് പലപ്പോഴും മരണത്തിലേക്കെത്തുന്നത്. അപകടം ഉണ്ടായ സ്ഥലത്ത് നിന്നും രോഗിയെ വിദഗ്ധമായി ആശുപത്രികളിൽ എത്തിക്കാൻ കനിവ് 108 ആംബുലൻസ് സർവ്വീസിനാകും. 315 ആംബുലൻസുകളാണ് നിലവിലുള്ളത്. ഇതിൽ കോഴിക്കോട് ജില്ലയ്ക്ക് 16 ആംബുലൻസ് ഉണ്ട്. പ്രാഥമിക ലൈഫ് സപ്പോർട്ടാടുകൂടിയ ഈ ആംബുലൻസിൽ പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നിഷ്യനും ആംബുലൻസ് പൈലറ്റും ഉണ്ടാകും. ഇവർ 15 മിനിറ്റിനുള്ളിൽ അപകടസ്ഥലത്ത് എത്തി രോഗിക്ക് വേണ്ട പ്രാഥമിക ചികിത്സ നൽകി ഉടനടി ആശുപത്രിയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ക്യാൻസറിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നാം. ക്യാൻസർ തുടക്കത്തിലേ കണ്ടു പിടിച്ച് ഉടനെ ചികിത്സ തുടങ്ങുന്നതിനായുള്ള പദ്ധതികൾ അടുത്ത വർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ അഡ്വ കെ സത്യൻ, നഗരസഭ വൈസ് ചെയർപേഴ്സൺ വി കെ പത്മിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സുന്ദരൻ , വാർഡ് കൗൺസിലർ സി കെ സലീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ നവീൻ, ആശുപത്രി സൂപ്രണ്ട് ഡോ പി പ്രതിഭ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് എൻജിനീയർ കെ ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.