വടകര: ദേശീയ പാത സ്ഥലമെടുപ്പിൽ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും തിരിച്ചടി. പാത വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടത്തിന്റെ നഷ്ടപരിഹാരത്തുക ദേശീയപാത അതോറിറ്റി വെട്ടിക്കുറച്ചു. ഏറ്റെടുക്കുന്ന കെട്ടിടത്തിന് നിശ്ചയിച്ച വിലയുടെ ആറു ശതമാനം കുറച്ചു നല്‍കിയാല്‍ മതിയെന്ന് ഒക്ടോബര്‍ 17ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നഷ്ടപരിഹാരതുക വിതരണം പ്രാഥമിക ഘട്ടത്തിൽ തുടങ്ങിയ സാഹചര്യത്തിലാണ് ബാക്കിയുള്ളവരുടെ തുക കുറയ്ക്കാന്‍ തീരുമാനമെടുത്തത്. ഏറ്റെടുത്ത ഭൂമിക്ക് രണ്ടു തരത്തില്‍ വില കണക്കാക്കുന്നത് നിയമ പ്രശ്നങ്ങളിലേക്ക് കടക്കുമെന്നും ഇത് പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം സംഭവിക്കുമെന്നും വിവിധ കോണുകളില്‍ നിന്ന് പരാതി ഉയരുകയാണ്. കെട്ടിടത്തിനു കണക്കാക്കിയ വിലക്കൊപ്പം അത്രയും തുക ചേര്‍ത്താണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അതില്‍ ആറു ശതമാനം കുറയും. പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കാന്‍ ദേശീയപാത അതോറിറ്റി തെയ്യാറാകണമെന്ന് കര്‍മ്മസമിതി സംസ്ഥാന സമിതിയംഗം പ്രദീപ്‌ ചോമ്പാല ആവശ്യപ്പെട്ടു.