വിദ്യാർത്ഥികൾക്ക് ആശ്വാസം

റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന രേഖകള്‍, ആധാര്‍, ജനന/മരണ സര്‍ട്ടിഫിക്കറ്റുകളും പരിഗണിച്ചു

കോഴിക്കോട്: പ്രളയം ദുരിതത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന അദാലത്ത്. സംസ്ഥാന ഐടി മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. കോളജില്‍ വെള്ളം കയറി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 50 നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, വീടുകളില്‍ വെള്ളം കയറി വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങി ഈ വര്‍ഷത്തെ പ്രളയത്തില്‍ ജില്ലയില്‍ നിരവധി പേര്‍ക്കാണ് വെള്ളം കയറി വിവിധ രേഖകള്‍ നഷ്ടപ്പെട്ടത്. ഓഫീസുകള്‍ കയറിയിറങ്ങേണ്ട വിഷമം ഒഴിവാക്കി സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചത്. 119 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. പ്രളയത്തില്‍ വെള്ളം കയറി രാമനാട്ടുകര റെഡ് ക്രസന്റ് നഴ്‌സിംഗ് കോളജിലെ നാലാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികളായ 50 പേരുടെ എസ് എസ് എല്‍ സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടമായത്. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് മുട്ടാഞ്ചേരി പരനിലത്ത് ഷാജിയും ഭാര്യയും അദാലത്തില്‍ അപേക്ഷ നല്‍കാനെത്തിയത്. ഈ വിധം വിവിധ ആവശ്യങ്ങളുമായെത്തിയവര്‍ ഏറെ ആശ്വാസത്തോടൊണ് അദാലത്തില്‍ നിന്ന് മടങ്ങിയത്. റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന രേഖകള്‍, ആധാര്‍, ജനന/മരണ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവക്കുള്ള അപേക്ഷകളും അദാലത്തില്‍ പരിഗണിച്ചു. മോട്ടോര്‍ വാഹന വകുപ്പ്, പൊതുവിതരണ വകുപ്പ്, അക്ഷയ പ്രോജക്ടിന്റെ നേതൃത്തിൽ ഡിജി ലോക്കര്‍, ആധാർ എന്നീ വിഭാഗങ്ങൾ, രജിസ്‌ട്രേഷന്‍ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍/എല്‍ എസ് ജി ഐ, ആര്‍ എസ് ബി വൈ തുടങ്ങിയ വിവിധ വകുപ്പുകളുടെ കൗണ്ടറുകള്‍ അദാലത്തില്‍ ഒരുക്കിയിരുന്നു. അപേക്ഷ നല്‍കിയവര്‍ക്ക് ഓഫീസു ഉപയോഗത്തിന് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് എത്തിക്കാനുള്ള നടപടികള്‍ അതാത് വകുപ്പുകള്‍ സ്വീകരിക്കും. രാമനാട്ടുകര റെഡ് ക്രസന്റ് നഴ്‌സിങ് കോളജ് വിദ്യാര്‍ഥി ബിനിയ വില്‍സന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. . ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി എം മിഥുന്‍കൃഷ്ണയുടെ നേതൃത്വത്തിലാണ് അദാലത്ത് ഏകോപനം നടത്തിയത്. അദാലത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കും അക്ഷയ സംരംഭകര്‍ക്കും സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു.