കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിലെ അന്വേഷണ പുരോഗതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടെത്തി വിലയിരുത്തി. ഇതുവരെയുള്ള അന്വേഷണ നടപടികളിൽ ഡി.ജി.പി സന്തുഷ്ടി പ്രകടിപ്പിച്ചു.
ഇന്നലെ കോഴിക്കോട് പൊലീസ് ക്ളബിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഉത്തരമേഖലാ ഐ.ജി അശോക് യാദവ്, കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ എന്നിവർക്ക് പുറമെ ആറു കൊലക്കേസുകളുടെ മേൽനോട്ടച്ചുമതലയുള്ള ഡിവൈ.എസ്.പിമാരും കേസ് അന്വേഷിക്കുന്ന സി.ഐമാരും പങ്കെടുത്തു. ഓരോ കേസിന്റെയും പുരോഗതി അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
സിലി കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് താമരശേരി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകും. നീട്ടിക്കിട്ടിയില്ലെങ്കിൽ സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യാൻ തിങ്കളാഴ്ച അനുമതി തേടും.
കണ്ടെടുത്തത്
സയനൈഡ് തന്നെ
ജോളിയുടെ കാറിലെ രഹസ്യ അറയിൽ നിന്ന് കണ്ടെടുത്ത പൊടി സയനൈഡ് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം അടിയന്തര പരിശോധനയ്ക്ക് കണ്ണൂർ ഫോറൻസിക് ലാബിലേക്ക് അയച്ചതായിരുന്നു.