വടകര: വെള്ളികുളങ്ങര- ഒഞ്ചിയം റോഡ് വികസന പ്രവൃത്തി ഒന്നാം ഘട്ടം പൂർത്തിയായിട്ടും കരാർ നല്കിയതു മുതൽ തുടങ്ങിയ നാട്ടുകാരുടെ പരാതി പ്രവാഹം നിലക്കുന്നില്ല. ഒന്നര കിലോമീറ്റർ ദൂരമുള്ള വെള്ളികുളങ്ങര- ഒഞ്ചിയം പാലം വരെയുള്ള റോഡ് വികസനത്തിനായി മൂന്ന് കോടിയുടെ കരാറായിരുന്നു. കരാർ നല്കി റോഡിന് വീതി കൂട്ടാൻ പറസുകൾ വെട്ടിക്കീറി മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് പണി തുടങ്ങാത്തതായിരുന്നു തുടക്കത്തിലെ ആക്ഷേപം. ഒടുവിൽ റോഡിൽ പ്രവൃത്തി തുടങ്ങി എങ്ങുമെത്താതെ കരാറുകാർ മുങ്ങുകയായിരുന്നു. ഇതോടെ റോഡിൽ കൂടി കാൽനട പോലും പ്രയാസപ്പെടുകയും സമീപത്തെ വീടുകളിലെ അടുക്കളയിൽ വരെ കിളച്ചിട്ട മണൽ പറന്ന് എത്തുന്ന സ്ഥിതിയുമായിരുന്നു. ഒറ്റക്കും കൂട്ടായും തുടർന്ന് പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ വടകര താലൂക്ക് ഓഫീസിന് മുന്നിൽ ജനകീയ പ്രതിഷേധം വരെ നടത്തിയാണ് റോഡ് പണി പുനരാരംഭിച്ചത്. എന്നാൽ 2018 മാർച്ച് മാസത്തോടെ പൂർത്തീകരിക്കേണ്ടിയിരുന്ന വെള്ളിക്കുളങ്ങര-ഒഞ്ചിയം റോഡ് പണി 2019 ഫെബ്രുവരിയോടെയാണ് ഒരു വിധം പൂർത്തിയാക്കിയത്. എന്നാൽ റോഡിന് ഇരുവശത്തുമുള്ള അടുക്കുചാൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുമില്ല. നിർമ്മിച്ച ഭാഗത്തകട്ടെ ശരിയായ വിധത്തിലല്ല ചെയ്തിരിക്കുന്നതെന്ന് പ്രത്യക്ഷത്തിൽ ബോധ്യപ്പെടുന്നതാണ്. മിക്ക ഭാഗങ്ങളിലും റോഡിന്റെ മറു ഭാഗം കെട്ടി ഉയർത്തിയിട്ടില്ല. റോഡിന്റെ അരുക് കെട്ടിനോട് ചേർത്താണ് സ്ലാബുകൾ സ്ഥാപിച്ചിട്ടുള്ളത്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വേണ്ടി നിർമ്മിച്ച് സ്ഥാപിച്ച സ്ലാബുകൾ മിക്കതും ബലക്കുറവുള്ളവയുമാണ്. ചെറുവാഹനങ്ങൾ കയറുമ്പോഴേക്കും കുതിർന്ന് പോവുന്നതായും ആക്ഷേപം ഉയരുകയാണ്. മുക്കാട് വിനോദന്റെ വീട്ടിലേക്കുള്ള സ്ലാബ് കഴിഞ്ഞ ദിവസം വാഹനം കയറിയതോടെ തകരുകയുണ്ടായി. മറ്റൊരു വീട്ടിലേക്ക് സ്ലേബ് ഡ്രൈനേജിനോടു ചേർത്ത് വെക്കേണ്ടിയിരുന്നത് ഗേറ്റിനോടു ചേർത്ത് തന്നെയാണ് സ്ഥാപിച്ചത്. ഇതിനൊക്കെ പുറമെ എൺപത് വയസോളം വരുന്ന കാഞ്ഞിരാട്ട് അനന്തൻ കച്ചവടം ചെയ്യുന്ന കടയിലേക്ക് വാർക്ക പലക തന്നെയാണ് വച്ചിട്ടുള്ളത്. നാട്ടുകാരുടെ പരാതികൾക്ക് യാതൊരു നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. കാസർകോഡ് കാരനായ കരാറുകാരനോട് അധികൃതർ മൃദുസമീപനമാണ് കൈക്കൊള്ളുന്നതെന്നാണ് ജനസംസാരം. റോഡ് പണിക്കു കൊണ്ടുവന്ന പലക പോലും ഉപേക്ഷിച്ച് കരാറുകാരൻ പോയെങ്കിലും റോഡുപണിയിലെ അപാകതക്കെതിരെ പ്രതിഷേധിച്ചവർ കോടതി കയറുകയുമാണ്. ഡ്രൈനേജ് ജോലി പൂർത്തീകരിക്കലും അപകടകരമായിട്ടുള്ള സ്ലേബുകൾ ഇനി ആര് മാറ്റും എന്നാണ് നാട്ടുകാരുടെ ചോദ്യം.