മീനങ്ങാടി: വയനാട്ടിലെ പ്രസിദ്ധമായ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ (പുത്തരിയുത്സവം ) ഇന്ന് ഞായറാഴ്ച രാവിലെ എട്ടുമുതൽ നടക്കും. കൊയ്ത്തുൽസവത്തിന്റെ ഭാഗമായി വിളഞ്ഞ് നില്ക്കുന്ന പാടത്ത് നിന്ന് നെൽക്കതിർ ശേഖരിച്ച്‌ ക്ഷേത്രം തിറകളത്തിൽ എത്തിക്കും. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ പ്രാഥമിക പൂജ കഴിഞ്ഞ് വാദ്യഘോഷങ്ങളോടെ മേൽശാന്തിയുടെയും, മറ്റ് അടിയന്തിരക്കാരുടെയും നേതൃത്വത്തിൽ നെൽക്കതിർ ക്ഷേത്രത്തിൽ എത്തിക്കും. തുടർന്ന് വിശേഷാൽ പൂജ കഴിഞ്ഞ്, നെൽക്കതിർ ഭക്തജനങ്ങൾക്ക് നൽകും.

ഈ കതിർ വാങ്ങാൻ പുറക്കാടി, കൃഷ്ണഗിരി വില്ലേജുകളിലെ ജനങ്ങൾ മാത്രമല്ല, വയനാടിന്റെ പല ഭാഗത്ത് നിന്നും ആളുകൾ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്. ഇങ്ങനെ പൂജിച്ച് വാങ്ങിയ കതിർ വീടുകളുടെ പ്രധാന സ്ഥാനത്ത് സൂക്ഷിക്കുന്നത് വീടിനും, വീട്ടുകാർക്കും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ക്ഷേത്രത്തിൽ വഴിപാടുകൾ നടത്താനും, പുത്തരിപ്പായസത്തിനും ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ആദിവാസി വിഭാഗങ്ങളും കൊയ്ത്തുത്സവമായി ഇല്ലം നിറ ആഘോഷിക്കാറുണ്ട്.