tha
താലോലം 2019 വന്ധ്യതാ നിവാരണ ക്ലിനിക് മൂന്നാം കുടുംബ സംഗമവും വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ നാലാം വാര്‍ഷികവും ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എല്ലാ വിഭാഗം ജനങ്ങള്‍ക്കും പരമാവധി കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ താലോലം 2019 മൂന്നാം കുടുംബസംഗമവും വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ നാലാം വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആശുപത്രിയിലെ വന്ധ്യതാ നിവാരണ ചികിത്സയിലൂടെ നാലു വര്‍ഷം കൊണ്ട് 136 ദമ്പതികള്‍ക്കാണ് കുട്ടികളുണ്ടായത്. ചികിത്സ വ്യവസായമായി മാറുന്ന സാഹചര്യത്തില്‍ ചെലവു കുറഞ്ഞതും നല്ല ഫലം ഉണ്ടാക്കുന്നതുമായ ഹോമിയോ ചികിത്സയുടെ പ്രസക്തി ഏറുകയാണ്. ചൂഷണങ്ങളില്‍ നിന്ന് മോചനം നല്‍കാന്‍ ഹോമിയോ മെഡിക്കല്‍ കോളേജിന്റെ ഈ ചികിത്സാ പദ്ധതി ഏറെ സഹായകരമാകും.മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ കെ. സി ശോഭിത, പ്രിന്‍സിപ്പാള്‍ പി ഡോ.അബ്ദുല്‍ ഹമീദ്., ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ഗീത ജോസ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ.എല്‍ ബാബു, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. കെ ബെറ്റി, സര്‍ജറി വിഭാഗം തലവന്‍ ഡോ. ടി.പി സുഗതന്‍, ആര്‍.എം.ഒ ഡോ ഡി. എസ് അജിത് കുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രതിനിധി സി പ്രേം രാജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ വിഘ്‌നേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. വന്ധ്യതാ നിവാരണ പദ്ധതിയായ താലോലം വഴി ജനിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മന്ത്രി ഉപഹാരം നല്‍കി