കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജിന്റെ കാര്യത്തിൽ അനിശ്ചിതത്വം നീക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ജില്ലാ യു.ഡി.എഫ് നേതൃയോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിന് യു.ഡി.എഫ് സർക്കാർ സൗജന്യമായി ലഭിച്ച 50 ഏക്കർ ഭൂമി ഏറ്റെടുത്ത് പ്രാരംഭനടപടികൾ ആരംഭിച്ചതാണ്. എന്നാൽ എൽ ഡി എഫ് സർക്കാർ തുടക്കത്തിൽ ചില തുടർനടപടികളെടുത്തെങ്കിലും ക്രമേണ അത് നിശ്ചലമായി. മെഡിക്കൽ കോളജ് ഇപ്പോൾ ത്രിശങ്കുവിൽ നിൽക്കുകയാണ്. നിർമ്മാണപ്രവൃത്തികൾ നിർത്തിവെച്ചതും മറ്റൊരു സ്ഥലം തേടിയ സാഹചര്യവും സംബന്ധിച്ച് ഭരണനേതൃത്വം നിലപാട് വിശദീകരിക്കണം.
ആരോഗ്യവകുപ്പ് മന്ത്രി വയനാട്ടിൽ വന്ന് സർവകക്ഷിയോഗം വിളിച്ചുചേർത്ത് നിലപാടുകൾ വിശദീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് മെഡിക്കൽ കോളജിന്റെ കാര്യത്തിൽ സജീവ പങ്കാളിത്തം വഹിച്ച മുൻ എം എൽ എ ശ്രേയാംസ്‌കുമാറും, എം പി വീരേന്ദ്രകുമാറും നിലപാട് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി പി എ കരീം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ.ഡി അപ്പച്ചൻ സ്വാഗതം പറഞ്ഞു. പി കെ ജയലക്ഷ്മി, പി കെ അബൂബക്കർ, വി എ മജീദ്, സി പി വർഗീസ്, കെ വി പോക്കർഹാജി, അബ്ദുള്ള മാടക്കര, കെ കെ അബ്രഹാം, റസാഖ് കൽപ്പറ്റ, എൻ കെ വർഗീസ്, പൗലോസ് കുറുമ്പേമഠം എന്നിവർ സംസാരിച്ചു.