കൽപ്പറ്റ:വയനാട്ടിലെ അംബേദ്കർ മെമ്മോറിയൽ കാൻസർ സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പട്ടികവിഭാഗക്കാർ തിങ്ങി പാർക്കുന്ന ജില്ലയിലെ കാൻസർ സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ജില്ലാകളക്ടറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാർ തലത്തിലാണ് തീരുമാനിക്കേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. അംബേദ്ക്കർ മെമ്മോറിയൽ കാൻസർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്നവരിൽ ഭൂരിപക്ഷവും കാരുണ്യ ബനവലന്റ് ഫണ്ടിൽ അംഗങ്ങളാണ്. ഇവർക്ക് ചികിത്സ സൗജന്യമാണ്. കീമോ ചെയ്യുന്നതിന് ആവശ്യമായ മരുന്നുകൾ കാരുണ്യ ഫാർമസിയിൽ ലഭ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിൽ ബി പി എൽ കാർഡിന് അർഹരെന്ന് കണ്ടെത്തിയവർ 4482പേരാണെന്ന് ജില്ലാ സപ്ലൈഓഫീസർ കമ്മീഷനെ അറിയിച്ചു.
വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പട്ടിക ജാതിക്കാരുള്ളത്. ബി പി എൽ കാർഡിന് അർഹരെന്ന് കണ്ടെത്തിയവർക്ക് ബി പി എൽ കാർഡ് ഉടൻ ലഭ്യമാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്ന കർഷകരുടെ കടം എഴുതി തള്ളി വൈദ്യുതിയും ജലസേചനവും ലഭ്യമാക്കി കർഷകരെ പുനരുജ്ജീവിപ്പിക്കണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.