കൽപ്പറ്റ: തൊവരിമല ഭൂസമരത്തിന്റെ ഭാഗമായി 28,29,30 തിയതികളിൽ കൽപ്പറ്റയിൽ രാപ്പകൽ മഹാധർണ്ണ നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 21ന് തൊവരിമലയിലെ സർക്കാർ ഭൂമിയിൽ കുടിൽ കെട്ടിയ നൂറ് കണക്കിന് ഭൂരഹിത ആദിവാസി കുടുംബങ്ങളെ ഏപ്രിൽ 24ന് സർക്കാർ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിച്ചതിനെ തുടർന്ന് കല്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിത കുടുംബങ്ങൾ ആരംഭിച്ച സമരം ആറു മാസം പിന്നിടുമ്പോഴും സമരം അവസാനിപ്പിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. സ്വന്തമായി ഭൂമിയില്ലാതെ പുറംപോക്കുകളിലും കോളനികളിലും ദുരിതജീവിതം നയിക്കുന്ന വയനാട്ടിലെ ഭൂരഹിത ജനവിഭാഗങ്ങളെ തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്. അനധികൃതമായി ആയിരക്കണക്കിന് ഏക്കർ ഭൂമി കയ്യടക്കിവച്ചിട്ടുള്ള വൻകിടകുത്തകകൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ, കിടപ്പാടത്തിനും കൃഷിഭൂമിക്കും വേണ്ടി ഭൂരഹിതർ നടത്തുന്ന സമരത്തോട് കാണിക്കുന്ന സമീപനം നിഷേധാത്മകവും ജനാധിപത്യവിരുദ്ധവുമാണ്.
മൂന്നു ദിവസങ്ങളിലായി നടത്തുന്ന രാപ്പകൽ ധർണ്ണയിൽ നൂറ് കണക്കിന് ഭൂരഹിത കുടുംബങ്ങൾ പങ്കെടുക്കും.
28 ന് വൈകുന്നേരം 3 മണിക്ക് ഗുളിക്കടവു സമര പോരാളി തോതി മൂപ്പൻ മഹാധർണ്ണ ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തു നിന്നും എത്തുന്ന ഭൂസമര പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രമുഖ വ്യക്തികളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
വിദേശതോട്ടം കമ്പനികൾ കയ്യടക്കിയിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നിയമം നിർമ്മിക്കേണ്ട വിഷയം ചർച്ച ചെയ്യുന്ന സെമിനാർ 29 ന് രാവിലെ 11 മണി മുതൽ സിവിൽ സ്റ്റേഷനു സമീപമുള്ള എം.ജി.ടി ഹാളിൽ നടക്കും. കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലെ ഭൂസമര സംഘടനകളുടെ ഐക്യദാർഢ്യം കവികളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മ, ആദിവാസി കലാ ആവിഷ്‌കാരങ്ങൾ ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും മഹാധർണ്ണയുടെ ഭാഗമായി നടക്കുമെന്ന് പി.വെളിയൻ, കെ.വി.പ്രകാശൻ, പി.ടി.പ്രേമാനന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.