കൽപ്പറ്റ: പദ്ധതി വിനിയോഗത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ 30.84 ശതമാനം കൈവരിച്ചതായി​ ജില്ലാ വികസന സമിതി യോഗം അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് 29.04, ബ്ലോക്ക് പഞ്ചായത്ത് 33.13, മുൻസിപ്പാലിറ്റി 32.64, ഗ്രാമപഞ്ചായത്ത് 30.30 എന്നിങ്ങനെയാണ് പദ്ധതി വിനിയോഗത്തിലെ ശതമാനം. ഒക്ടോബർ മാസം വരെയുള്ള പദ്ധതി വിനിയോഗത്തിലെ പുരോഗതിയും മുൻ വികസന സമിതിയുടെ തീരുമാനങ്ങളും യോഗം വി​ലയി​രുത്തി​.

വിവിധ വകുപ്പുകൾ സംസ്ഥാന പദ്ധതി വിഹിതത്തിൽ ലഭിച്ച തുകയുടെ 57.98 ശതമാനവും സമ്പൂർണ്ണ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 53.92 ശതമാനവും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ ലഭിച്ച തുകയുടെ 32.01 ശതമാനവും വിനിയോഗിച്ചതായി യോഗം വിലയിരുത്തി.
പദ്ധതി നിർവ്വഹണത്തിൽ കാലതാമസം വരുത്തരുതെന്നും വികസന സമിതി തീരുമാനങ്ങളിൽ സമയബന്ധിതവും കാര്യക്ഷമവുമായ നടപടി ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാവണമെന്നും ജില്ലാ കളക്ടർ എ.ആർ അജയകുമാർ ആവശ്യപ്പെട്ടു.

യോഗത്തിൽ എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സുഭദ്ര നായർ, എം.പിയുടെ പ്രതിനിധിയായ കെ.എൽ. പൗലോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തേക്ക് നടാനുള്ള തീരുമാനത്തിൽ

വിശദീകരണം തേടി

ബേഗൂർ റെയ്ഞ്ചിലുൾപ്പെട്ട ഒണ്ടയങ്ങാടിയിൽ സ്വഭാവിക വനം മുറിച്ചുമാറ്റി വീണ്ടും തേക്ക് മരങ്ങൾ നടാനുള്ള തീരുമാനത്തിൽ ജില്ലാ കളക്ടർ നോർത്ത് വയനാട് നോർത്ത് ഡി.എഫ്.ഒയോട് വിശദീകരണം തേടി. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
ബേഗൂർ തിരുനെല്ലി റോഡിൽ സംരക്ഷണ ഭിത്തി നിർമ്മാണം ഫോറസ്റ്റ് വകുപ്പ് എറ്റെടുത്ത് പൂർത്തീകരിക്കുന്ന കാര്യം പരിഗണിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കൽപ്പറ്റ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാൻ യോഗത്തിൽ തീരുമാനി​ച്ചു. സബ് സ്‌റ്റേഷൻ അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ ആവശ്യമായ പ്രൊപ്പോസൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഭൂമി കണ്ടെത്തിയാൽ അക്വിസിഷൻ നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കാമെന്ന് ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു. സബ് സ്‌റ്റേഷനു പിൻവശത്തുള്ള റോഡ് ഉയർത്തി നിർമിക്കുന്നത് ശാശ്വത പരിഹാരമല്ലെന്ന് യോഗം വിലയിരുത്തി. കിഫ്ബിയിലുൾപ്പെട്ട റോഡുകളുടെ അതിർത്തി നിർണയം ഉടനടി പൂർത്തീകരിക്കാൻ സർവേ അധികൃതർക്ക് നിർദ്ദേശം നൽകി.

ചൂരൽമല റോഡിന്റെ സർവേ നടപടികൾ ഈ ആഴ്ചയോടുകൂടി പൂർത്തിയാകും.

സുൽത്താൻ ബത്തേരി ലഹരി വിമുക്ത കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനാവശ്യമായ പ്രൊപ്പോസൽ സംബന്ധിച്ച് തിങ്കളാഴ്ച വർക്കിംഗ് ഗ്രൂപ്പ് ചേരും.

(ചിത്രം)