മാനന്തവാടി: ആയിരങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന ജില്ലയിലെ ആദ്യത്തെ ഗ്രന്ഥാലയമായ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം 100 വർഷങ്ങൾ പിന്നിട്ട് ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.
1918 ഒക്‌ടോബർ 18ന് മാനന്തവാടി റീഡിംഗ് റൂം എന്ന പേരിൽ തുടക്കമിട്ട ഗ്രന്ഥാലയമാണ് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം എന്ന പേരിൽ നൂറ്റി ഒന്നാം വർഷത്തിലേക്ക് കടന്നത്. കേരളത്തിലെ ആദ്യകാല ലൈബ്രറികളിലൊന്നായ ഈ സ്ഥാപനം രൂപീകരിച്ചതും ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ബ്രിട്ടീഷ് ഗവർമെന്റ് ഉദ്യോഗസ്ഥരായിരുന്നു. വളപ്പായി കൃഷ്ണൻ എന്ന അക്ഷര സ്‌നേഹിയാണ് റീഡിംഗ് റൂമിന് 9 സെന്റ് സ്ഥലം സംഭാവനയായി നൽകിയത്.ഇംഗ്ലീഷ് പുസ്തകങ്ങളുടെ ശേഖരവും ടേബിൾ ടെന്നീസ് പോലുള്ള വിനോദപാധികളും മറ്റ് പ്രവർത്തനങ്ങളും പ്രസ്ഥാനത്തെ ശ്രദ്ധിക്കപ്പെടുന്നതാക്കി മാറ്റി.
പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച 436 പുസ്തകങ്ങളും നാമമാത്രമായ അംഗങ്ങളുമായി വാടകമുറിയിൽ ആരംഭിച്ച വായനശാലയിൽ ഇന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ 5000 അംഗങ്ങളും 20000ത്തിലെ റെ പുസ്തകങ്ങളുമുണ്ട്.17 ദിനപത്രങ്ങളും 100 ആനുകാലികങ്ങളും എത്തുന്നുണ്ട്. വായനക്കാരായി പ്രതിദിനം 250 പേരും റഫറൻസിനായി 150 പേരും ഗ്രന്ഥാലയം സന്ദർശിക്കുന്നു.പി എസ് സി പരീശീലനത്തിനായി 250 പേരും ഇവിടെ എത്തുന്നുണ്ട്.
സംസ്ഥാന തലത്തിൻ മികച്ച ഗ്രന്ഥാലയങ്ങൾക്ക് 2001 ൽ ഏർപ്പെടുത്തിയ ഇ എം എസ് അവാർഡ് ആദ്യമായി ലഭിച്ചതും ഈ ഗ്രന്ഥാലയത്തിനാണ് ജില്ലയിയിലെ ആദ്യത്തെ എ പ്ലസ് ഗ്രന്ഥാലയവുമാണ്. നിരവധി സംസ്ഥാന ജില്ലാതല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഗ്രന്ഥാലയത്തിന്റെ ഗ്രീൻ ലവേഴ്സ് ഫോറം പ്രളയത്തെ തുടർന്ന് പ്രകൃതിനാശം സംഭവിച്ച സ്ഥലങ്ങളിൽ സ്വഭാവിക വനം വെച്ച് പിടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്.
പുസ്തക ചർച്ച, ഫിലിം ഷോ, ചിത്രപ്രദർശനം തുടങ്ങിയ പ്റവർത്തനങ്ങളും നടത്തുന്നുണ്ട് ഗ്രന്ഥാലയം.