പേരാമ്പ്ര: പേരാമ്പ്ര -ചെമ്പ്ര - കൂരാച്ചുണ്ട് റോഡ് പരിഷ്ക്കരണ പ്രവൃത്തിക്ക് തുടക്കമായി. ഉണ്ണിക്കുന്നിൽ നടന്ന ചടങ്ങിൽ വച്ച് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാര കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ പുതുതായി നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലൊക്കെ ജാഗ്രത പുലർത്തുന്നുണ്ട് അത് നല്ലതാണ്. ഒരുപാട് കാലത്തെ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് റോഡുകളുടെ ഫണ്ടുകൾ പാസാകുന്നത്. പരാതികളുണ്ടെങ്കിൽ റോഡ് പണി തടസപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കരുത്. പേരാമ്പ്ര രജിസ്ട്രാർ ഓഫീസിന്റെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. റസ്റ്റ് ഹൗസ് പരിഷ്ക്കരണം പൂർത്തിയായി കഴിഞ്ഞു . ചെമ്പ്ര റോഡ് നവീകരണ പ്രവൃത്തി മേയിൽ പൂർത്തിയാകും മന്ത്രി പറഞ്ഞു.
റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തിക്ക് നാല് കോടി രൂപയാണ് അനുവദിച്ചത്. പേരാമ്പ്ര മുതൽ പുറ്റും പൊയിൽ വരെയാണ് ആദ്യഘട്ട പ്രവൃത്തി നടക്കുന്നത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം റീന അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി ഗംഗാധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് അസി.എക്സി എൻജിനീയർ ശ്രീജിത്ത് എൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ ബാലൻ, മുൻ എംഎൽഎ .എ കെ പത്മനാഭൻ മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത കൊമ്മിണിയോട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീധരൻ കല്ലാട്ട് താഴ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു .