പുൽപ്പള്ളി: സുൽത്താൻ ബത്തേരി താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുൽപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.
പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ 35 കുടുംബങ്ങൾക്കും കൊട്ടമുരട്ട് കോളനിയിലെ 6 കുടുംബങ്ങൾക്കും പൂതാടി, നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്തുകളിലായുളള 13 കുടുംബങ്ങൾക്കും വേണ്ടിയാണ് വീട് നിർമ്മിക്കുന്നത്. പുൽപ്പള്ളി വില്ലേജിലെ മരകാവിൽ 4.75 ഏക്കർ സ്ഥലവും ചേപ്പിലയിൽ 2.37 ഏക്കർ സ്ഥലവുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. പട്ടിക വർഗ്ഗ വികസന വകുപ്പ് ജില്ലാ ഭരണകൂടം മുഖേന കണ്ടെത്തിയ ഈ ഭൂമി 1,44,18,750 രൂപ റ്റി.ആർ.ഡി.എം. ഫണ്ട് ഉപയോഗിച്ച് വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്ത് സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് വീടുകൾ നിർമ്മിക്കുന്നത്. എല്ലാ വീടുകളിലേക്കും വാഹനം എത്തുന്ന തരത്തിൽ വഴിയുണ്ടാകും. കമ്മ്യൂണിറ്റി ഹാൾ, സാമൂഹ്യ പഠനമുറി തുടങ്ങിയ സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും. വീടുകളുടെ നിർമ്മാണ പ്രവൃത്തി ജില്ലാ നിർമ്മിതി കേന്ദ്രമാണ് ഏറ്റെടുത്തത്. ചടങ്ങിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോൾ, മണി ഇയ്യമ്പത്ത്, ടി.ഡി.ഒ സി. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.