കോഴിക്കോട്: മദ്ധ്യ-കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന അതിശക്ത 'ക്യാർ' ചുഴലിക്കാറ്റ് (മണിക്കൂറിൽ 170 കിലോമീറ്റർ വരെ കാറ്റിൻറെ പരമാവധി വേഗതയുള്ള ചുഴലിക്കാറ്റ്) മദ്ധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തിൽ നിന്ന് 300 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറൻ മുംബയിൽ നിന്ന് 370 കിമീ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1740 കിമീ ദൂരത്തിലുമായിരുന്നു ക്യാർ ചുഴലിക്കാറ്റിന്റെ സ്ഥാനം. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അടുത്ത 5 ദിവസം സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. കേരള തീരത്തും തീരത്തോടെ ചേർന്ന കടൽ മേഖലയിലും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ പോകാൻ പാടുള്ളതല്ല (കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം കർശനമായി പാലിക്കുക) 'ക്യാർ' ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സിസ്റ്റത്തിന്റെ ചലനത്തിനനുസരിച്ച് കേരളത്തിലെ മഴയിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പിന്തുടരേണ്ടതാണ്.