വടകര: താലൂക്കില്‍ ആഗസ്റ്റ് മാസം പ്രളയ ദുരിതം ബാധിച്ചവര്‍ക്കുള്ള അടിയന്തര ധനസഹായം ഫയലില്‍ ഒതുങ്ങി. ദുരിതം കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും പ്രളയം ഏറ്റുവാങ്ങിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം ലഭിച്ചില്ല. വില്ലേജ് , പഞ്ചായത്ത് , പ്രത്യേകം നിയോഗിച്ച എൻജിനിയറിംഗ് വിഭാഗം അടങ്ങിയ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ മാനദണ്ഡം പാലിച്ചുളള റിപ്പോര്‍ട്ട് പ്രകാരം ഒന്നാം ഘട്ടം പട്ടികയില്‍ പെട്ടവര്‍ക്കാണ് പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് അടിസ്ഥാനപ്പെടുത്തി എല്ലാ രേഖകളും സമര്‍പ്പിച്ചവരാണ് ധന സഹായത്തിനായി കാത്തുനില്‍ക്കുന്നത്. പതിനായിരം രൂപ അക്കൗണ്ടിലേക്ക് ഉടന്‍ വരുമെന്ന മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും പ്രഖ്യാപനം പാഴ്‌വാക്കായി മാറിയതായി ദുരിതബാധിതര്‍ പറയുന്നു. പ്രളയത്തില്‍ ക്യാംപുകളില്‍ താമസിച്ചവര്‍ക്കും മറ്റ് ബന്ധുവീടുകളില്‍ എത്തിയവരടക്കമുള്ളവര്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരമായി പതിനായിരം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തിലും ഇത് ലഭിച്ചവര്‍ വളരെ കുറവാണ്. പലതവണ വില്ലേജ് ഓഫീസിലും മറ്റും കയറിയിറങ്ങിയ ദുരിതബാധിതരെ എല്ലാ ശരിയാകുമെന്ന് പറഞ്ഞു മടക്കുകയാണ്. പൂര്‍ണ്ണമായും വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നാല് ലക്ഷം രൂപവരെ ധനസഹായം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പതിനായിരംപോലും നേരാംവണ്ണം ലഭിക്കാത്ത സാഹചര്യത്തില്‍ നാലുലക്ഷം രൂപ കിട്ടുമെന്ന പ്രതീക്ഷ മങ്ങിയതായി ദുരിതബാധിതര്‍ പറഞ്ഞു. ഇതുവരെ അടിയന്തിര ധനസഹായം ലഭിക്കാത്ത പല കുടുംബങ്ങളും ആശങ്കയിലാണ്. പഞ്ചായത്ത് ,വില്ലേജ് ഓഫീസ് വഴി നല്‍കിയ എല്ലാ അപേക്ഷയും സര്‍ക്കാരിലേക്ക് അടിയന്തര നടപടികള്‍ക്ക് അയച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നതാണ് നഷ്ട പരിഹാരം നീളുന്നതിന് കാരണമാകുന്നത്. ഞങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയെന്നും ഇനിയെല്ലാം സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് താലൂക്ക് ഭരണകൂടം പറയുന്നത്. ഇനി ധനസഹായത്തിന് ഏതു വാതിലാണ് മുട്ടേണ്ടതെന്നു ദുരിതബാധിതര്‍ ചോദിക്കുന്നു.