കൊയിലാണ്ടി: സർക്കാർ ഓഫീസുകൾ മിക്കതും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലായിട്ടും സ്ഥിര സംവിധാനം ഒരുക്കുന്നതിൽ സർവ്വീസ് സംഘടനകൾക്കും സർക്കാറിനും താല്പര്യമില്ല. കെട്ടിടങ്ങളുടെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ എത്താൻ ഇടുങ്ങിയേ ഗോവണികളും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയുമാണുള്ളത്. ഇതുകാരണം നാട്ടുകാർക്കും ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. പല ഓഫീസുകളും ഒഴിപ്പിക്കൽ ഭീഷണിയിലാണ്. കൊയിലാണ്ടിയിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും പ്രവർത്തിക്കാൻ ഉതകുന്ന കെട്ടിടം പണിയാൻ പറ്റിയ സ്ഥലം മിനി സിവിൽ സ്റ്റേഷനിൽ ഉണ്ട്. ഈ സ്ഥലം ഉപയോഗപെടുത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. എക്സൈസ്, ഐസിഡിസി, ഫയർഫോഴ്സ്, ലേബർ, ആർടി ഒ, ഫുഡ് ആന്റ് സേഫ്ടി, ട്രാഫിക്,സ്റ്റാറ്റിക്സ് ഓഫീസുകളാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കൊയിലാണ്ടിയിലെ ഏറ്റവും പഴക്കമേറിയ എക്സൈസ് ഫീസ് വാടക കെട്ടിടത്തിൽ നിന്ന് വാടക കെട്ടിടത്തിലേക്ക് മാറി കൊണ്ടിരിക്കയാണ്. ഓഫീസുകളിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് ജീവനക്കാരേയും ബുദ്ധിമുട്ടിക്കുന്നു.

കെ.എസ് ഇ ബി ഓഫീസ് കൊയിലാണ്ടിയിൽ നിന്ന് ഉള്ള്യേരി പഞ്ചായത്തിലെ കന്നൂരിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചിരുന്നു. 18000 ഉപഭോക്താക്കൾ കന്നൂരിലേക്ക് പോകേണ്ട സാഹചര്യത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നു പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. 2017 ൽ സ്ഥലം എം എൽ എ കെ ദാസൻ സിവിൽസ്റ്റേഷനിൽ പുതിയെ കെട്ടിടം പണിയുന്നതിെനെക്കുറിച്ച് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. പേരാമ്പ്രയിൽ മിനി സിവിൽ സ്റ്റേഷൻ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം തുടങ്ങിയതിനെ തുടർന്ന് കൊയിലാണ്ടിയിലും കെട്ടിടനിർമ്മാണെത്തെ ചൊല്ലി ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ട്. അടുത്ത ബജറ്റിൽ കെട്ടിടനിർമ്മാണത്തിന് ഫണ്ട് വകയിരുത്തുമെന്ന് കെ.ദാസൻ പറഞ്ഞു കൊയിലാണ്ടിയുടെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഓഫീസുകൾ ഒരു കെട്ടിടസമുച്ചയത്തിൽ വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.