കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതും കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കിയതുമായ പത്തു ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും

നടപ്പാക്കണമെന്ന് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് ടി. ആർ വല്ലഭൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു.

യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ കൺവെൻഷൻ കേളപ്പജി മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇത് നടപ്പാക്കാതെ ഇതേപ്പറ്റി പഠിക്കാൻ രണ്ട് കമ്മിഷനുകളെ നിശ്ചയിക്കുകയും റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നു വർഷത്തെ കാലാവധി അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തിൽത്തന്നെ കേന്ദ്രസർക്കാർ മേഖലയിൽ നടപ്പാക്കിയ സാമ്പത്തിക സംവരണം സംസ്ഥാന സർക്കാർ നടപ്പാക്കാതിരിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ന്യൂനപക്ഷ പ്രീണനത്തിനു വേണ്ടിയാണെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. സർക്കാരും ദേവസ്വം ബോർഡും മലബാറിലെ ക്ഷേത്രജീവനക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. തിരുക്കൊച്ചി ദേവസ്വം ബോർഡുകൾക്ക് സമാനമായ നിയമം മലബാറിലെ ക്ഷേത്രങ്ങളിലും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ചെമ്മരം നാരായണൻ നമ്പൂതിരി, സംസ്ഥാന സെക്രട്ടറി സുനിൽ കാലടി, ജില്ലാ സെക്രട്ടറി താമരക്കുളം ദിവാകരൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഗംഗാധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മധു അരീക്കര സ്വാഗതവും മങ്ങത്തായ കൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.