വടകര: വെള്ളികുളങ്ങര- ഒഞ്ചിയം റോഡ് നവീകരണത്തിന് ശേഷം താഴ്ന്നു നിൽക്കുന്നത് കാരണം മടപ്പള്ളി കോളേജ് ക്രാഷ് റോഡ് ജംഗ്ഷനിലെ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരു പോലെ പേടി സ്വപ്നമായിരിക്കുകയാണ്. ഒഞ്ചിയം റോഡ് ഉയർത്തിയതോടെ അനുബന്ധ റോഡായ ക്രാഷ് റോഡിന്റെ തുടക്കം വെള്ളകെട്ടിലായിട്ട് മാസങ്ങളായി. റോഡ് ജോലിക്കിടയിൽ ശുദ്ധജല പൈപ്പ് മാറ്റലിനെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞതും കൂടെ മഴയും കൂടി ചെളി വെള്ളം കെട്ടികിടക്കുകയാണ്. ചെളിക്കളത്തിനടിയിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ ദിവസവും നിരവധി ഇരുചക്രവാഹനങ്ങൾ കല്ലിൽ തട്ടി മറിയുന്നത് പതിവായിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിലെ യാത്രാദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വെള്ളികുളങ്ങര നോർത്ത് റസിഡന്റ്സ് അസോസിയേഷൻ വടകര താലൂക്ക് സഭയിൽ പരാതി നല്കിയിരുന്നു. പ്രശ്ന പരിഹാരത്തിന് സത്വര നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിവേദനവും നൽകിയിരിക്കയാണ്. ക്രാഷ് റോഡ് മടപ്പള്ളി ഭാഗത്ത് റെയിൽവെ അടിപ്പാത വരെയും സമാന സ്ഥിതിയിലായതിനാൽ കഴിഞ്ഞ ദിവസം നാട്ടുകാർ ജനകീയ സമരം സംഘടിപ്പിച്ചിരുന്നു. ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങര മടപ്പള്ളിക്രാഷ് റോഡിന്റെ ഇരുഭാഗത്തും തുടക്കത്തിൽ യാത്രക്കാർക്ക് കുരുക്ക് തീർത്തിരിക്കയാണ്. റോഡിലെ അപകടനില പരിഹരിക്കാൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അപകടത്തിന് ദൃക്സാക്ഷികളാകേണ്ടി വരുന്നവർക്കൊപ്പം നാട്ടുകാർ.