കോഴിക്കോട്: ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച ഈ അമ്മ കണ്ണിൽ ചോരയില്ലാത്ത ആളല്ല. ഇതു പോലെ കരുതലും സ്നേഹവും ഉള്ള മറ്റൊരമ്മ ഒരു പക്ഷേ, ഭൂമിയിലുണ്ടാവില്ല. തങ്ങൾ ഈ കുഞ്ഞിനെ ഉപേക്ഷിച്ചെങ്കിലും ഇതിനെ കിട്ടുന്നവർ ഒഴിവാക്കരുതെന്ന് അഭ്യർത്ഥിക്കുന്ന കത്തു സഹിതമാണ് കുഞ്ഞിനെ പള്ളിവളപ്പിൽ ഉപേക്ഷിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് പന്നിയങ്കര ഇസ്ളാഹിയ പള്ളി വളപ്പിൽ മൂന്നു ദിവസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയത്. കൂടെ ഒരു കത്തും ഉണ്ടായിരുന്നു.കത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്:
''ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്.നിങ്ങൾ ഇതിനെ സ്വീകരിക്കണം.ഇൗ കുഞ്ഞിന് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് ഇടണം.അള്ളാഹു നിങ്ങൾക്ക് തന്നതാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം.ഞങ്ങൾക്ക് അല്ലാഹു തന്നു. അത് അല്ലാഹുവിന് തന്നെ ഞങ്ങൾ കൊടുത്തു."
ഇങ്ങനെ പോവുന്നു കത്തിലെ വാചകങ്ങൾ.കുഞ്ഞിന്റെ ജനനതീയതിയും കത്തിലുണ്ട് -ഒക്ടോബർ 25. പിന്നെ ബി.സി.ജി. ഹൈപ്പറ്റൈറ്റിസ് -ബി.വൺ തുടങ്ങിയ കുത്തിവയ്പുകളും മരുന്നുകളും നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അത്രയ്ക്ക് കരുതലോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവരം ലഭിച്ചതനുസരിച്ച് പന്നിയങ്കര പൊലീസും പിങ്ക് പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും സ്ഥലത്തെത്തി .കുഞ്ഞിനെ കോട്ടപ്പറമ്പ് മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.
കൂടുതൽ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.48 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിക്കും. പന്നിയങ്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് നിഗമനം. സുബ്‌ഹി നമസ്കാര സമയത്ത് പള്ളി വളപ്പിൽ കുഞ്ഞ് ഉണ്ടായിരുന്നില്ലെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു.അതിനു ശേഷമാവാം കുഞ്ഞിനെ ഉപേക്ഷിച്ചത്.