കൽപ്പറ്റ: രാജ്യത്തെ കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽ പങ്കാളിയാകാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ.എബ്രഹാം ആവശ്യപ്പെട്ടു.
ആസിയൻ രാജ്യങ്ങളും, ചൈന, ജപ്പാൻ,
ഒസ്‌ട്രേലിയ, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ചേർന്നുള്ള സ്വതന്ത്ര വ്യാപാരകരാർ നിലവിൽ വരുന്നതോടെ ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ ഇന്ത്യയുടെ കാർഷിക മേഖല പൂർണ്ണമായും തകർന്നടിയും. ചെറുകിട വ്യാപാര വ്യവസായ, സേവന,എൻജിനിയറിംഗ് മേഖലകളെല്ലാം ഗുരുതരമായ പ്രതിസന്ധി നേരിടും.
കാർഷിക മേഖലയിൽ വിദേശ നിക്ഷേപം നടത്തുന്നതിനും, പരിധിയില്ലാതെ കാർഷിക, ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും അനുമതി നല്കുന്ന കരാർ പ്രാവർത്തികമാകുന്നതോടെ പാൽ, പാൽ ഉല്പന്നങ്ങൾ, കുരുമുളക്, ഏലം, റബ്ബർ, നാളികേരം തുടങ്ങിയവ യാതൊരു പരിധിയുമില്ലാതെ ഇറക്കുമതി ചെയ്യാനാവും.
കരാറിനെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. രാജ്യത്തുള്ള ആരുമായും ചർച്ച ചെയ്തിട്ടുമില്ല. പാർലമെന്റിനെയും അറിയിച്ചിട്ടില്ല. ഇതെല്ലാം ദുരൂഹത ഉയർത്തുന്നതാണ്.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിവർഷം 10,500 കോടി ഡോളറിന്റെ ഇറക്കുമതിയുണ്ടാകും.ഇതിൽ പകുതിയും ചൈനയിൽ നിന്നായിരിക്കും. ചൈനയുമായുള്ള ഇറക്കുമതികമ്മി 6000 കോടിയായിരിക്കുമ്പോഴും കൂടുതൽ ഇറക്കുമതിക്ക് അവസരമൊരുക്കുന്നത് ഇന്ത്യയുടെ സമ്പദ്ഘടനയെ തകർക്കുമെന്ന് എബ്രഹാം പറഞ്ഞു.