കോറോം: ആഘോഷങ്ങൾ കഴിഞ്ഞാൽ അവശേഷിപ്പിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ സമൂഹത്തിന് വിപത്താകുന്ന കാലത്ത് പ്ളാസ്റ്റിക്കിന് തീർത്തും പടിക്ക് പുറത്ത് നിർത്തി ഒരു ഗൃഹപ്രവേശം.

ചാലിൽ ഇരഞ്ഞിക്കൽ വീട്ടിൽ നടന്ന ഗൃഹപ്രവേശനം അവിടെ എത്തിയവർക്കും ഏറെ കൗതുകമായി.

വീട്ടിലേക്കുള്ള വഴി നിറയെ തേക്കിലയിൽ എഴുതിയ ഹരിത സന്ദേശങ്ങളും നിർദ്ദേശങ്ങളും. തോരണങ്ങൾ പ്ലാവില കൊണ്ട്. പ്രവേശന കവാടം ചേമ്പിലയിൽ, ഭക്ഷണം വിളമ്പാൻ വാഴയിലയും ചില്ലുഗ്ലാസും.

മലയാളം യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായ അനിൽകുമാറിന്റെ വീട്ടിൽക്കൂടൽ അങ്ങനെ ഹരിത കേരള മിഷന്റെ മാതൃകാ ഹരിത ഗൃഹപ്രവേശനമായി.

പരിസ്ഥിതി സൗഹൃദമായ ജീവിതം നയിക്കണം എന്ന ആശയം മറ്റുള്ളവരിൽ എത്തിക്കണം എന്നതാണ് അനിൽ കുമാറിനെ ഇത്തരം ഒരു വേറിട്ട ചിന്തയിലേക്ക് നയിച്ചത്. പ്രോത്സാഹനവുമായി വയനാട് ജില്ലാ ഹരിത കേരള മിഷനും കൂടെയെത്തി.

ജൈവ മാലിന്യം സമീപത്തുള്ള ഫാമിന് കൈമാറാനും ഉപയോഗയോഗ്യമായ പ്ലാസ്റ്റിക് കവറുകൾ വ്യാപാരികൾ തന്നെ തിരിച്ചെടുക്കാനും മറ്റ് അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് നൽകാനുമുള്ള സജ്ജീകരണം നടത്തി.

ഹരിത നിയമാവലി പാലിച്ച് ഗൃഹപ്രവേശനം നടത്തിയ ഇരഞ്ഞിക്കൽ ലക്ഷ്മി അമ്മയെയും കുടുംബാംഗങ്ങളെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനമോദിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സനുമായ കെ എ മൈമൂന, സിന്ധു ഹരികുമാർ, എം ഐ മോഹനൻ എന്നിവർ സംസാരിച്ചു. നേതൃത്വം നൽകാൻ ഹരിത കേരള മിഷൻ പ്രതിനിധികളായ കെ എസ് ആനന്ദ്, കെ പി അർച്ചന, ശാലിനി കൃഷ്ണ എന്നിവരുമുണ്ടായിരുന്നു.


ഫോട്ടോ: ഹരിത നിയമാവലി പാലിച്ച് ഗൃഹപ്രവേശനം നടത്തിയ ഇരഞ്ഞിക്കൽ ലക്ഷ്മി അമ്മയെയും കുടുംബാംഗങ്ങളെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനമോദിക്കുന്നു