മാനന്തവാടി: ഈവർഷത്തെ പ്രളയ കാലത്ത് വയനാട് ജില്ലയിൽ മാത്രം 1732.43 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ റേഷൻകടകൾ വഴി സൗജന്യമായി വിതരണം ചെയ്തതായി മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ചോദ്യത്തിന് മറുപടിയായി ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. എറ്റവും കൂടുതൽ ഭക്ഷ്യധാന്യം വിതരണം ചെയ്തത് ബത്തേരി താലൂക്കിലാണ്. ഇവിടെ 609.69 മെട്രിക്ടൺ ഭക്ഷ്യധാന്യം വിതരണം ചെയ്തു. വൈത്തിരി താലൂക്കിൽ 591.37 മെട്രിക് ടണ്ണും, മാനന്തവാടി താലൂക്കിൽ 531.16 മെട്രിക് ടൺ ഭക്ഷ്യധാന്യവും സൗജന്യമായി നൽകി.
ജില്ലയിലെ 1,57,751 കാർഡ് ഉടമകൾക്കാണ് ഈ ഭക്ഷ്യധാന്യങ്ങൾ നൽകിയത്. പ്രളയകാലത്തെ സൗജന്യ ഭക്ഷ്യധാന്യവിതരണം പാവപ്പെട്ട കുടുംബങ്ങൾക്ക് ഏറെ സഹായകമായിരുന്നു.