കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും ബ്രഹ്മഗിരി ഫാർമേഴ്സ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 2 ന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ മലബാർ മേഖല പൗൾട്രി കർഷക കൺവെൻഷൻ സംഘടിപ്പിക്കും. ബ്രഹ്മഗിരി ചെയർമാൻ പി കൃഷ്ണപ്രസാദ് കേരള ചിക്കൻ പദ്ധതി വിശദീകരണം നടത്തും.
കേരള ചിക്കൻ പദ്ധതി വിപുലീകരണത്തിന്റെ
ഭാഗമായി അട്ടപ്പാടിയിൽ ആരംഭിക്കുന്ന മെഗാ ബ്രീഡർ ഫാം പദ്ധതി വിശദീകരിക്കുന്നതിനും പദ്ധതിക്ക് മൂലധന ശേഖരണം നടത്തുന്നതിനും വേണ്ടിയുള്ള കൺവെൻഷനിൽ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ കർഷകർ പങ്കെടുക്കും. ഈ ജില്ലകളിലെ ബ്രഹ്മഗിരി പൗൾട്രി ഫാർമേഴ്സ് ഫെഡറേഷനുകളുടെ നേതൃത്വത്തിലാണ് കർഷകർ പങ്കെടുക്കുന്നത്.
വെങ്കിടേശ്വര ഹാച്ചറി, മൃഗസംരക്ഷണവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെയാണ് അട്ടപ്പാടിയിൽ മെഗാ ബ്രീഡർ ഫാം സ്ഥാപിക്കുന്നത്.
അട്ടപ്പാടിയിൽ ബ്രീഡർ ഫാർമിനായുള്ള 24 ഏക്കർ സ്ഥലം വാങ്ങാനുള്ള നടപടികൾ എടുത്തു. സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് പ്രാഥമിക പ്രവർത്തനങ്ങൾക്കുമായി 2 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
വാൻകോബ് ബ്രോയ്ലർ കുഞ്ഞുങ്ങളുടെ ഉല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന നിലയിൽ 50000 കോഴികളുള്ള മാതൃപിതൃ ശേഖരത്തിൽ നിന്ന് ഒരു ദിവസം 27,000 കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാൻ കഴിയുന്ന നിലയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.