koodathai

കോഴിക്കോട്: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ചമയ്ക്കാൻ റവന്യു വകുപ്പിലെ ചിലർ ഒത്താശ ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ എൽ.ആർ ഡെപ്യൂട്ടി കളക്ടർ സി. ബിജു ഇന്നലെ ജില്ലാ കളക്ടർ സാംബശിവ റാവുവിന് റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷം അന്തിമ റിപ്പോർട്ട് റവന്യു സെക്രട്ടറിക്ക് കൈമാറുമെന്ന് കളക്ടർ പറഞ്ഞു.

മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു അന്വേഷണം. ആരോപണവിധേയയായ അന്നത്തെ താമരശ്ശേരി ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ വാര്യരിൽ നിന്നാണ് ആദ്യം തെളിവെടുത്തത്. ജോളിയുടേത് വ്യാജ ഒസ്യത്താണെന്ന് അറിയില്ലായിരുന്നെന്നും അയൽക്കാരിയായിരുന്ന ജോളി സഹായം തേടിയപ്പോൾ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് കൂടത്തായി വില്ലേജ് ഓഫീസറോട് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അവരുടെ മൊഴി. എന്നാൽ, മേലുദ്യോഗസ്ഥ ആവശ്യപ്പെട്ടതു കൊണ്ടാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാനും നികുതി സ്വീകരിക്കാനും നിർദ്ദേശിച്ചതെന്ന മൊഴിയായിരുന്നു അന്നത്തെ വില്ലേജ് ഓഫീസർ കിഷോർ ഖാന്റേത്.

നികുതി സ്വീകരിച്ച സ്പെഷ്യൽ വില്ലേജ് ഓഫീസർ, കിഷോർ ഖാനു ശേഷം വന്ന വില്ലേജ് ഓഫീസർ, ഇപ്പോഴത്തെ വില്ലേജ് ഓഫീസർ, അന്നത്തെ പഞ്ചായത്ത് സെക്രട്ടറി, ക്ളാർക്ക് തുടങ്ങിയവരിൽ നിന്നെല്ലാം മൊഴിയെടുത്തിരുന്നു.