സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഉപജില്ല സ്‌കൂൾ കലോൽസവത്തിന്റെ സ്റ്റേജിന മൽസരങ്ങൾ ഇന്ന് ബത്തേരി അസംപ്ഷൻ സ്‌കൂളിൽ തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബത്തേരി ഉപജില്ലയിലെ 130 വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികൾ 226 ഇനങ്ങളിലായി മൽസരിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്റ്റേജിതര മൽസരങ്ങൾ നടന്നുവരികയായിരുന്നു.
കലോൽസവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിക്കും. സ്‌കൂൾ മാനേജർ ഫാ.ജെയിംസ് പുത്തൻപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കലോൽസവം 31-ന് സമാപിക്കും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി ഉദ്ഘാടനം ചെയ്യും. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.സഹദേവൻ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ ജിഷ ഷാജി സമ്മാനദാനം നിർവ്വഹിക്കും.
എട്ട് വേദികളിലായിട്ടാണ് മൽസരങ്ങൾ നടക്കുക. സ്‌കൂളിന് പുറമെ നഗരസഭ ടൗൺ ഹാൾ, ലയൺസ് ക്ലബ്ബ് ഹാൾ എന്നിവിടങ്ങളിലെ വേദികളിലും മൽസരം നടക്കും. മൽസരം നടക്കുന്ന എല്ലായിടത്തും ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും മൽസരം. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ജോൺസൺ തൊഴുത്തിങ്കൽ, പി.ടി.എ. പ്രസിഡന്റുമാരായ എം.എസ്.വിശ്വനാഥൻ, ടിജി ചെറുതോട്ടിൽ, ഹെഡ്മാസ്റ്റർ എൻ.യു.ടോമി, പി.എ.വർഗ്ഗീസ്, സുനിൽ അഗസ്റ്റിൻ, പി.ആർ മനോജ്, എന്നിവർ പങ്കെടുത്തു.
വേദികളിൽ ഇന്ന്: വേദി ഒന്ന് യു.പി, ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ഭരതനാട്യം, കുച്ചുപ്പുടി.
വേദി രണ്ടിൽ: എൽ.പി വിഭാഗത്തിന്റെ ഭരതനാട്യം, യു.പി, ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ മോഹിനിയാട്ടം. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ കേരള നടനം. വേദി മൂന്ന്: ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കഥകളി സംഗീതം. ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗത്തിൽ ഓട്ടൻ തുള്ളൽ, കൂടിയാട്ടം. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ നങ്ങ്യാർകൂത്ത്.
വേദി നാലിൽ: യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ മോണോ ആക്ട്. ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി മിമിക്രി. യു.പി.,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി കഥാപ്രസംഗം. വേദി അഞ്ച്: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ലളിതഗാനം. ഹൈസ്‌കൂൾ,ഹയർസെക്കൻഡറി ഓടക്കുഴൽ. ഹൈസ്‌കൂൾ വയലിൻ പാശ്ചാത്യം,പൗരസ്ത്യം. ഹയർ സെക്കൻഡറി വയലിൻ ഓറിയന്റൽ,പാശ്ചാത്യം. ഹൈസ്‌കൂൾ,ഹയർസെക്കൻഡറി ഗിറ്റാർ പാശ്ചാത്യം, സംഘഗാനം (ഹൈസ്‌കൂൾ,ഹയർസെക്കൻഡറി). വേദി ആറ്: ലളിതഗാനം (ഹൈസ്‌കൂൾ), സംഘഗാനം (എൽ.പി),സംഘഗാനം (ഹയർ സെക്കൻഡറി).
വേദി ഏഴ്: യു.പി. ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി പദ്യംചൊല്ലൽ, പ്രസംഗം ഉറുദു (ഹൈസ്‌കൂൾ), ഗസൽ ആലാപനം ഉറുദു( ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി), സംഘഗാനം ഉറുദു (യു.പി,ഹൈസ്‌കൂൾ).