വടകര: റെയില്‍വേ സ്റ്റേഷന്റെ നിലവിലുള്ള സാഹചര്യവും തുടര്‍ന്ന് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളും നേരില്‍ മനസിലാക്കാന്‍ കെ.മുരളീധരന്‍ എം.പി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് സ്റ്റേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി. വടകര സ്റ്റേഷനില്‍ മേല്‍ക്കൂര നിര്‍മ്മിക്കാത്ത ഇടങ്ങളില്‍ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ശ്രമം നടത്തുമെന്ന് കെ.മുരളീധരന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. റെയില്‍വേ കുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചു മാറ്റിയെങ്കിലും വരള്‍ച്ച നേരിടുന്ന സമയത്ത് കുടിവെള്ളമാക്കി മാറ്റേണ്ടത് അനിവാര്യമാണെന്നും ഇതിനായി ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രായമുള്ളവര്‍ക്കും യുവാക്കള്‍ക്കും അടക്കം പ്ലാറ്റ് ഫോം താഴ്ന്നത് കാരണം ട്രെയിനില്‍ കയറാന്‍ പ്രയാസപ്പെടുകയാണ്. പ്ലാറ്റ് ഫോം ഉയര്‍ത്തുന്നതിനായി റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തും. സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച എക്‌സലറേറ്ററിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ പ്രവര്‍ത്തനം നിലക്കുകയാണ്. ഇതിനു വേണ്ട പരിഹാരം തേടുമെന്ന് എം.പി പറഞ്ഞു. വടകരയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ അധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ശക്തമായി ഉന്നയിച്ചതായും വടകരയെ മാതൃകാ സ്റ്റേഷനാക്കി മാറ്റാന്‍ ശ്രമം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു. സ്റ്റേഷന്‍ മാസ്റ്റര്‍ വത്സന്‍ കുനിയില്‍ എം.പി യോട് കാര്യങ്ങള്‍ വിശദീകരിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍, വൈസ് പ്രസിഡന്‍ഡന്റ് വി.കെ.പ്രേമന്‍, മണ്ഡലം പ്രസിഡന്റ് പി.എസ്.രഞ്ജിത്ത് കുമാര്‍ എന്നിവരും മുരളിയെ അനുഗമിച്ചു.