കോഴിക്കോട്: ശമ്പള പരിഷ്ക്കരണ കമ്മിഷൻ ഉടൻ നിയമിച്ച് ശമ്പള പരിഷ്ക്കരണ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ (കെ ജി ഒ എഫ് ) നേതൃത്വത്തിൽ നടക്കുന്ന ധർണ്ണയുടെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ കെ ജി ഒ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗസറ്റഡ് ജീവനക്കാർ ധർണ്ണ നടത്തി.
പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദ് ചെയ്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, കെ എ എസ് നിയമന വിജ്ഞാപനം പുറപ്പെടുവിക്കുക, ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ ആശങ്കകൾ പരിഹരിച്ച് നടപ്പിലാക്കുക, പത്താം ശമ്പള പരിഷ്ക്കരണത്തിലെ അനോമലികൾ പരിഷ്ക്കരണം പതിനൊന്നാം കമ്മീഷന്റെ ടേംസ് ഒഫ് റഫറൻസിൽ ഉൾപ്പെടുത്തുക, സേവന അവകാശ നിയമം ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന ധർണ്ണ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എഫ് സംസ്ഥാന പ്രസിഡന്റ് എ കെ സിദ്ധാർത്ഥൻ, ഡോ. വിക്രാന്ത്, ടി എം സജീന്ദ്രൻ, എഽ ടി ബോധിസത്വൻ, സാജിദ് അഹമ്മദ്, ജെറീഷ് കെ എം, മനോജ്, ജയേഷ് എന്നിവർ സംസാരിച്ചു.