കൽപ്പറ്റ: മൂല്യവർധിത നികുതി സമ്പ്രദായം (വാറ്റ്) അവസാനിപ്പിച്ച് ജി.എസ്.ടി വന്നിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും വാറ്റ് പ്രകാരം നോട്ടീസ് അയച്ച് പീഡിപ്പിക്കുന്നതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജി.എസ്.ടി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. മാർച്ചിനെ തുടർന്ന് നടത്തിയ ധർണ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തലതിരിഞ്ഞ നയംമൂലം മുമ്പ് നിരവധി കർഷകർ ആത്മഹത്യ ചെയ്തിരുന്നുവെന്നും വാറ്റിന്റെ പേരിൽ സംസ്ഥാന ധനകാര്യ വകുപ്പും വാണിജ്യനികുതി വകുപ്പും നടത്തുന്ന നടപടികൾ തുടർന്നാൽ കേരളത്തിലെ പതിനായിരകണക്കിന് ചെറുകിട വ്യാപാരികൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും കെ.കെ വാസുദേവൻ പറഞ്ഞു. പ്രശ്നത്തിന് സംസ്ഥാന സർക്കാർ അടിയന്തിര പരിഹാരം കാണണം.
തുടർച്ചയായ പ്രളയദുരിതവും സാമ്പത്തിക മാന്ദ്യവും മൂലം നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന ചെറുകിട വ്യാപാരികളെ രക്ഷപ്പെടുത്താൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വാണിജ്യനികുതി ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് കെ കുഞ്ഞിരായിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.വി വർഗീസ്, ട്രഷറർ ഇ ഹൈദ്രു, വൈസ് പ്രസിഡന്റ് കെ ഉസ്മാൻ, ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ പ്രസിഡന്റ് എ പി ശിവദാസ്, സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് അമ്പലവയൽ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ജില്ലാ ഭാരവാഹികളായ ജോജിൻ ടി ജോയി, നൗഷാദ് കാക്കവയൽ, സി അബ്ദുൽ ഖാദർ, ഡോ മാത്യു തോമസ്, കമ്പ അബ്ദുള്ള ഹാജി, എം.വി സുരേന്ദ്രൻ, കെ.ടി ഇസ്മാഈൽ, സാബു അബ്രഹാം, ഇ.ടി ബാബു, ആതിര മത്തായി, സി.വി വർഗീസ്, സി രവീന്ദ്രൻ, കുഞ്ഞുമോൻ മീനങ്ങാടി, അഷ്‌രഫ് കൊട്ടാരം, സിജിത് ജയപ്രകാശ്, ആർ, കല, അജിത് ക്ലാസിക്, ഉണ്ണി കാമിയൊ, സജി കല്ലടാസ്, സൗദ കൽപ്പറ്റ, ശാന്തകുമാരി, ഷൈലജ ഹരിദാസ്, രാധാമണി, തുടങ്ങിയവർ നേതൃത്വം നൽകി.