മാനന്തവാടി: മുഖംമൂടി ആക്രമണത്തിൽ മദ്ധ്യവയസ്‌ക്കന് ഗുരുതര പരിക്ക്. പരിക്കേറ്റ വെള്ളമുണ്ട കോക്കടവ് പൊണ്ണൻ മമ്മൂട്ടിയെ (50) മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8.30ന് കോക്കടവ് എൽപി സ്‌കൂളിനു സമീപത്ത് വെച്ചാണ് ഇയാൾക്കുനേരെ വധശ്രമം നടന്നത്. കോക്കടവ് ജുമാ മസ്ജിദിൽ നിന്ന് നിസ്‌കാരം കഴിഞ്ഞ് പോവുകയായിരുന്ന മമ്മൂട്ടിയെ
ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ആക്രമിക്കുകയായിരുന്നു. റോഡിൽ നിന്ന് വയലിലേക്ക് വലിച്ചുകൊണ്ടുപോയ മുഖം മൂടി ധരിച്ച രണ്ടു പേർ കാപ്പിവടികളും മറ്റുമുപരോഗിച്ചാണ് മർദിച്ചത്. ആക്രമണത്തിൽ മമ്മുട്ടിയുടെ പല്ലു കൊഴിഞ്ഞു. നിലവിളികേട്ട് ആളുകൾ എത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു.
വെള്ളമുണ്ട പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ കഞ്ചാവു ലോബിയടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.