മാനന്തവാടി​: നാല് മാസം മുമ്പ് എടുത്ത ട്രാഫിക്ക് അഡ്വൈസറി ബോർഡ് യോഗത്തിലെ തീരുമാനങ്ങൾ മാറ്റുവാൻ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ജനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് മുൻപ് എടുത്ത യോഗത്തിലെ രണ്ടു തീരുമാനങ്ങൾ മാറ്റിയത്.

നിരവിൽപുഴ, കുറ്റ്യാടി റൂട്ടിൽ നിരവധി കെ.എസ്.ആർ.ടി.സി. ബസുകളാണ് സർവീസ് നടത്തുന്നത് എന്നാൽ ഇവയൊന്നും ടൗണിൽ പ്രവേശിക്കാതെ പോകുന്നതിനെതിരേയായിരുന്നു കൂടുതൽ പരാതികളും. നിരവിൽപുഴ കുറ്റ്യാടി റൂട്ടിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ടൗണിൽ പ്രവേശിക്കാതെ പോകുന്നതിനാൽ ഒരു കിലോ മീറ്ററോളം നടന്നു വേണം ആളുകൾക്ക് സ്റ്റാൻഡിലെത്താൻ. അല്ലെങ്കിൽ ഓട്ടോറിക്ഷയ്ക്ക് പോകണം. ഇത് വ്യാപക പരാതിക്കിടയാക്കിയിരുന്നു. ഇന്നലത്തെ യോഗം ഈ മുൻ തിരുമാനം തിരുത്തി ടൗണിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റാമെന്ന് തീരുമാനമെടുത്തു.

ഗതാഗത പരിഷ്‌കാരം നിലവിൽ വന്നതു മുതൽ ടൗൺഹാൾ റോഡ് വൺവേ ആക്കി മാറ്റിയിരുന്നു. എന്നാൽ ചൊവ്വാഴ്ചത്തെ യോഗത്തിൽ ചെറുവാഹനങ്ങൾക്കായി വൺവേ ഒഴിവാക്കാൻ തീരുമാനിച്ചു. ടൗൺഹാൾ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും ജനങ്ങൾക്ക് പോകാൻ ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് ചെറിയവാഹനങ്ങൾക്കായി വൺവേ സംവിധാനം ഒഴിവാക്കിയത്.

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങൾ കണ്ടെത്തുന്നതിനായി 11 അംഗ സബ്കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.മാനന്തവാടി നഗരസഭാദ്ധ്യക്ഷൻ വി.ആർ.പ്രവീജിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ, റവന്യു, പി.ഡബ്ല്യു.ഡി., ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി. അധികൃതർ തുടങ്ങിയവർ യോഗത്തി​ൽ പങ്കെടുത്തു.