കൽപ്പറ്റ: കേസിനെ തുടർന്ന് പുനർനിർമ്മാണം തടസ്സപ്പെട്ട കൽപ്പറ്റ പടിഞ്ഞാറത്തറ വാരാമ്പറ്റ റോഡിനായി ഹർജിക്കാരൻ നിരുപാധികം സ്ഥലം വിട്ടുനൽകി. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത കേസിലെ ഹർജിക്കാരൻ പിണങ്ങോട് കൂട്ടായി വീട് കെ.ഹാരീസ് ആണ് ജില്ലാ കളക്ടറുടെ മുമ്പാകെ ഇന്നലെ ഹാജരായി സത്യവാങ്മൂലം സമർപ്പിച്ചത്.

ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എതിർകക്ഷികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതേതുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം കളക്ടർ നിയോഗിച്ച സംഘം സ്ഥലപരിശോധന നടത്തിയിരുന്നു. ജില്ലാ ഗവൺമെന്റ് പ്ലീഡർ, ജില്ലാ ലോ ഓഫീസർ, ഡെപ്യൂട്ടി കളക്ടർ (എൽ.എ), പിഡബ്ല്യുഡി (റോഡ്സ്) അസിസ്റ്റന്റ് എൻജിനീയർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

സ്ഥലപരിശോധന റിപ്പോർട്ടിൽ ഹർജിക്കാരനായ കെ. ഹാരീസിന്റെ ആധാരത്തിൽ ഉൾപ്പെട്ടതു കൂടാതെ കൈവശത്തിലുണ്ടായിരുന്ന അല്പം സ്ഥലവും റോഡ് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. ചേമ്പറിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാറും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്നാണ് ഹർജിക്കാരൻ കെ. ഹാരീസ് സ്ഥലം നിരുപാധികം റോഡ് വികസനത്തിനായി വിട്ടു നൽകാൻ തയ്യാറായത്.

ഇക്കാര്യത്തിൽ യാതൊരു ആക്ഷേപവും തടസ്സവാദവും ഉന്നയിക്കില്ലെന്നും ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും ഹർജിക്കാരൻ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.


നിലവിൽ 75 ഓളം പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഉടമസ്ഥരുടെ സമ്മതപ്രകാരമോ നഷ്ടപരിഹാരം നല്കിയോ മാത്ര സ്ഥലം ഏറ്റെടുക്കാവൂ എന്ന വിധിയും ഹർജിക്കാർ സമ്പാദിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റോഡ് വികസനം ഇഴഞ്ഞു നീങ്ങുകയാണ്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.725 കിലോ മീറ്റർ ദൂരത്തിൽ 56.66 കോടി രൂപയിലാണ് റോഡ് വികസനം നടപ്പാക്കുന്നത്. ഹരജിക്കാരൻ സ്വമേധയാ പിൻമാറിയ സാഹചര്യത്തിൽ മറ്റുള്ളവരും ഇതേ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.