കോഴിക്കോട്: നല്ലളം പയനിര്‍ കോമ്പൗണ്ട് റോഡില്‍ സുറുമി കോംപ്ലക്‌സില്‍ കണ്ണന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിൽ അഗ്നിബാധ. ഉടമ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്തെ അത്തിക്കല്‍ വീട്ടില്‍ സ്വരൂപ് കുമാറിനെ (52)
സ്ഥാപനത്തിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. സ്വരൂപ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.
കഴിഞ്ഞ ദിവസം അർദ്ധരാത്രി കഴിഞ്ഞതോടെയായിരുന്നു സംഭവം. സ്വരൂപ്കുമാറിന്റെ ഭാര്യയുടെ പേരിലുള്ളതാണ് സ്ഥാപനം. തീപടരുന്നത് കണ്ട് വാഹനയാത്രികര്‍ മീഞ്ചന്ത ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. സ്ഥാപനം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം തേടി അകത്ത് പരിശോധന നടത്തവെയാണ് കത്തിക്കരിഞ്ഞ നിലയിൽ ജഡം കണ്ടത്. സ്വരൂപിന്‍റെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരച്ചറിഞ്ഞത്. സ്ഥലത്തെത്തിയ നല്ലളം പൊലീസിന് വെളിച്ചക്കുറവ് കാരണം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാനായില്ല. സ്ഥലം സീല്‍ ചെയ്ത ശേഷം ഇന്നലെ രാവിലെ വീണ്ടുമെത്തിയാണ് ഇന്‍ക്വസ്റ്റിനു ശേഷം ജഡം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
സ്വരൂപ് അമ്മയ്ക്കൊപ്പമായിരുന്നു താമസം.