സുൽത്താൻ ബത്തേരി: രാത്രിയാത്രനിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിൽ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തവർ പരിസ്ഥിതിപ്രവർത്തകർക്കും പ്രകൃതിസംരക്ഷണസമിതിക്കും എതിരെ നടത്തിയ പ്രചാരണങ്ങൾ അപലപനീയമാണെന്ന് പ്രകൃതിസംരക്ഷണസമിതി ജനറൽബോഡി യോഗം.
പ്രകൃതിസംരക്ഷണസമിതിക്ക് വിദേശഫണ്ട് ലഭിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് സ്വാഗതാർഹമാണ്. ഇതിനായി ഉടൻ ഉത്തരവിടണമെന്ന് യോഗം സംസ്ഥാന-കേന്ദ്രസർക്കാറുകളോട് അഭ്യർത്ഥിച്ചു. സി.ബി.ഐ., ക്രൈംബ്രാഞ്ച്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തുടങ്ങിയ ഏത് ഏജൻസിയെക്കൊണ്ടും അന്വേഷിപ്പിക്കാവുന്നതാണ്. വിദേശത്ത് നിന്നോ സ്വദേശത്തുനിന്നോ ഒരു രൂപയെങ്കിലും സാമ്പത്തികസഹായം കൈപ്പറ്റിയെന്ന് കണ്ടെത്തിയാൽ സംഘടന പിരിച്ചുവിടും.
വയനാട്ടിൽ വ്യാപകമായി നടന്നുകൊണ്ടിരുന്ന ക്ലിയർഫെല്ലിംഗിനും തേക്ക്-യൂക്കാലിപിറ്റ്സ് ഏകവിളത്തോട്ടത്തിനുമെതിരായി 1979-ൽ നടന്ന സമരത്തെ തുടർന്നാണ് പ്രകൃതിസംരക്ഷണസമിതി രൂപവൽക്കരിച്ചത്.ഈ സമരത്തെ തുടർന്ന് കേരളമാകെ ക്ലിയർഫെല്ലിംഗ് നിർത്തിവയ്ക്കുകയുണ്ടായി.
വയനാടൻ ടൂറിസത്തിന്റെ നട്ടെല്ലായ എടക്കൽ ഗുഹയും പൂക്കോട് തടാകവും നിലനിർത്താൻ പരിസ്ഥിതി പ്രവർത്തകർ നിരവധി കേസുകൾ നടത്തിയിട്ടുണ്ട്. കുറുവയും മുത്തങ്ങയും തോൽപ്പെട്ടിയും ചെമ്പ്രമലയും ബാണാസുരൻമലയും ബ്രഹ്മഗിരിയും എങ്ങനെയാണ് രക്ഷിച്ചെടുത്തതെന്നും ജനങ്ങൾ മറക്കില്ല.
മണൽ-ക്വാറി-റിസോർട്ട്-നിർമ്മാണലോബിയും വനം-മൈനിംഗ്-ജിയോളജി-റവന്യൂ ഉദ്യോഗസ്ഥമാഫിയയും ആണ് പ്രകൃതിസംരക്ഷസമിതിയെ ശത്രുക്കളായി കാണുന്നത്.
ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിച്ചതും നാഷണൽ ഹൈവെയിൽ പന്തലിട്ട് ജനപ്രതിനിധികൾ കുത്തിയിരുന്നതുമൊക്കെ ആര് അനുവാദം നൽകിയിട്ടാണെന്ന് വെളിപ്പെടുമെന്നതിനാൽ സമിതിക്കെതിരായ മാനനഷ്ടക്കേസ്സിനെയും സ്വാഗതം ചെയ്യുന്നതായി യോഗം വ്യക്വമാക്കി.
ബാബു മൈലമ്പാടി അദ്ധ്യക്ഷനായിരുന്നു. തച്ചമ്പത്ത് രാമകൃഷ്ണൻ, ശ്രീരാമൻ നൂൽപ്പുഴ, തോമസ് അമ്പലവയൽ, എൻ.ബാദുഷ, ജസ്റ്റിൻ ജോസഫ്, സണ്ണി മരക്കടവ്, എ.വി. മനോജ്, പി.എം. സുരേഷ്, എം.ഗംഗാധരൻ, സണ്ണി പടിഞ്ഞാറത്തറ, അബു പൂക്കോട്, ഗോപാലകൃഷ്ണൻ മൂലങ്കാവ്, അജി കൊളോണിയ എന്നിവർ പ്രസംഗിച്ചു.