കൽപ്പറ്റ: സിഐടിയു ജില്ലാ സമ്മേളനം നവംബർ ഒന്ന്, രണ്ട് തീയതികളിൽ കൽപ്പറ്റയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യും.
സി ഭാസ്ക്കരൻ നഗറിൽ(എംസിഎ ഹാൾ) പ്രതിനിധിസമ്മേളനവും പി കുഞ്ഞിക്കണ്ണൻ നഗറിൽ(വിജയപമ്പ് പരിസരം) പ്രതിനിധിസമ്മേളനവും നടക്കും.
ജില്ലയിൽ രജിസ്റ്റർ ചെയ്ത 11 യൂണിയനുകളിൽ നിന്നും സംസ്ഥാന രജിസ്ട്രേഷനുള്ള 17 യൂണിയനുകളിൽ നിന്നുമായി 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. അസംഘടിത മേഖലയിലെ തൊഴിലാളികളായ തോട്ടം – മോട്ടോർ വ്യവസായ –നിർമാണ മേഖലകളിലെ തൊഴിലാളികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രതിനിധിസമ്മേളനം പകൽ പത്തിന് ആരംഭിക്കും. രണ്ടിന് വൈകുന്നേരം മൂന്നിന് കൽപ്പറ്റയിൽ തൊഴിലാളി റാലി നടക്കും. സിഐടിയു സംസ്ഥാന നേതാക്കളായ കൂട്ടായ് ബഷീർ, സി കെ ഹരികൃഷ്ണൻ, നെടുവത്തൂർ സുന്ദരേശൻ, ടി കെ രാജൻ തുടങ്ങിയവർ സംസാരിക്കും. പി കെ പ്രേംനാഥ് മുഖ്യപപ്രഭാഷണം നടത്തും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി വി ബേബി, സ്വാഗതസംഘം ചെയർമാൻ എം മധു, കൺവീനർ കെ സുഗതൻ, പി എം സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.