വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ പാലുകുന്ന്, മാങ്കണി, ഉരല്കുന്ന്, ചേര്യംകൊല്ലി, കുരിശുംതൊട്ടി എന്നിവിടങ്ങളിൽ ഒക്‌ടോബർ 31 ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ എള്ളുമന്ദം, പള്ളിയറ ഭാഗങ്ങളിൽ ഒക്‌ടോബർ 31 ന് രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ മിൽമ, കെ.എസ്.ആർ.ടി.സി പരിസരങ്ങളിൽ ഒക്‌ടോബർ 31 ന് രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ബ്ലോക്ക്തല കായികമേള;
അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ ഈ വർഷത്തെ ബ്ലോക്ക്തല കായികമേളയുടെ സംഘാടനം ഏറ്റെടുക്കാൻ താല്പര്യമുള്ള ജില്ലയിലെ ക്ലബ്ബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സര ഇനങ്ങൾ: ഫുട്‌ബോൾ (സെവൻസ്), വോളിബോൾ, ബാഡ്മിന്റൺ (വ്യക്തിഗതം), 100 മീറ്റർ സ്പ്രിന്റ്, ഷോട്ട്പുട്ട്. നവംബർ പത്താണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. ഫോൺ : 04936 202330.

പി.എസ്.സി പരീക്ഷ നടത്തിപ്പ് യോഗം

കൽപ്പറ്റ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നടപടി ക്രമങ്ങൾ വിശദീകരിക്കുന്നതിന് ജില്ലയിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്‌ക്കൂളുകളിലെ പ്രധാനാദ്ധ്യാപകർക്കായി ഒക്‌ടോബർ 31 ന് രാവിലെ 10.30 ന് പിഡബ്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വിശദീകരണ യോഗം ചേരും. എല്ലാ പ്രധാനാദ്ധ്യാപകരും, ചീഫ് സൂപ്രണ്ടുമാരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

വരദൂർ: പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൂതാടി ഗ്രാമപഞ്ചായത്തിലെ വരദൂർ പുഴയിൽ 3 ലക്ഷം രോഹു ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.മത്സ്യകുഞ്ഞുങ്ങൾ ഫിഷറീസ് വകുപ്പിന്റെ തളിപ്പുഴ ഹാച്ചറിയിൽ ഉല്പാദിപ്പിച്ചവയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.

ചിത്രം:
വരദൂർപുഴയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.

വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം

കൽപ്പറ്റ: ഗവ. സെക്രട്ടേറിയറ്റിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നവംബർ മൂന്നിന് ചിത്രരചനാ മത്സരം (ജലച്ചായം) സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ളിക് റലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എൽ. പി., യു. പി. വിഭാഗം വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ രാവിലെ 9.30ന് ആരംഭിക്കും. 11 മണി മുതലാണ് മത്സരം. ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ഉച്ചയ്ക്ക് 12നും മത്സരം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പർ നൽകും. വരയ്ക്കാനുള്ള മറ്റു സാമഗ്രികൾ കൊണ്ടുവരണം. മത്സരാർത്ഥികൾ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും. ഫോൺ: 9946105965, 9447607360.

ക്വട്ടേഷൻ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലുള്ള 117 അങ്കണവാടികളിൽ പി.എം.എം.വി.വൈ പദ്ധതിയുമായി ബന്ധപ്പെട്ട പോസ്റ്റർ, പാംലെറ്റ്, സ്റ്റിക്കർ എന്നിവ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04936 222844, 8281999317.

ഫോട്ടോ ജേർണലിസം ഇന്റർവ്യു

കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സെന്ററിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിനുള്ള ഇന്റർവ്യു നവംബർ 2 ന് നടക്കും. അപേക്ഷകർ രാവിലെ 10 ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കേരള മീഡിയ അക്കാദമി കാമ്പസിൽ ഹാജരാകണം. വിശദവിവരങ്ങൾ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2726275.

സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കൽപ്പറ്റ: കൽപ്പറ്റ, സുൽത്താൻ ബത്തേരി ബ്ലോക്ക് പരിധിയിൽ ചെറുകിട വ്യവസായ സേവന സംരംഭങ്ങൾ ആരംഭിക്കുവാനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും താൽപര്യമുള്ള സംരംഭകർക്കായി വ്യവസായ വകുപ്പ് 15 ദിവസത്തെ സംരംഭക പരിശീലന പരിപാടി നടത്തുന്നു. വിവിധ പദ്ധതികളെക്കുറിച്ചും വിവിധ വകുപ്പുകൾ നൽകുന്ന ലൈസൻസുകൾ, ക്ലിയറൻസുകൾ എന്നിവ ലഭ്യമാക്കുക, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പ ലഭ്യമാക്കുക, സബ്സിഡികൾ, മാർക്കറ്റ് സൗകര്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യകൾ, യന്ത്ര സാമഗ്രികളുടെ പ്രവർത്തനം എന്നിവ പരിചയപെടുത്തുക തുടങ്ങിയ സാങ്കേതിക അറിവുകൾ നൽകുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർ നവംബർ 5 നകം ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവടങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9188127190, 8547068477.

കൂടിക്കാഴ്ച

കൽപ്പറ്റ: ജനറൽ ഹോസ്പിറ്റൽ വിമുക്തി കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഒരു എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 6 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വയസ്, യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

അനുമോദിച്ചു
കൽപ്പറ്റ: ജില്ലയിൽ ആദ്യമായി ഇലക്ടറൽ വെരിഫക്കേഷൻ പ്രോഗ്രാം ആപ്പ് ഉപയോഗിച്ച് മുഴുവൻ വോട്ടർമാരുടെയും വിവരങ്ങൾ പൂർത്തീകരിച്ച സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ 183 ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ സന്തോഷ് കുമാറിനെ ജില്ലാ കളക്ടർ അനുമോദിച്ചു. ഇദ്ദേഹം കേരള യൂണിവേഴ്സിറ്റി ഇക്കണോമിക് ഇൻവെസ്റ്റിഗേറ്ററാണ്.

(ചിത്രം)
ബൂത്ത് ലെവൽ ഓഫീസർ സന്തോഷ് കുമാറിന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ അനുമോദന പത്രം നൽകുന്നു.

അദ്ധ്യാപക നിയമനം
അമ്പലവയൽ: ആനപ്പാറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ഫിസിക്സ് താത്കാലിക അദ്ധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 31 ന് രാവിലെ 11 ന് സ്‌കൂളിൽ നടക്കും.ഫോൺ. 04936 266627.

ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു
വൈത്തിരി: വൈത്തിരി താലൂക്ക് ലാന്റ് ബോർഡ് 1973 കാലഘട്ടത്തിനു ശേഷം ആരംഭിച്ച മിച്ചഭൂമി കേസുകളിൽ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം ഒഴിവു നൽകി ഉത്തരവായ ഭൂമികളുടെ സർവെ നമ്പർ തിരിച്ചുള്ള വിവരം ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചു. ഡാറ്റാ ബാങ്ക് താലൂക്കുകളിലും വല്ലേജ് ഓഫീസുകളിലും പരശോധനയ്ക്കായി ലഭിക്കും. ഇനി മുതൽ ഭൂമി ഏതെങ്കിലും മിച്ചഭൂമി കേസുകളിൽ ഉൾപ്പെട്ടതാണോ എന്ന് പരശോധിക്കാൻ വില്ലേജ് ഓഫീസുകളെ സമീപിച്ചാൽ മതി. ഭൂപരിഷ്‌കരണ നിയമ പ്രകാരം ഒഴിവു നൽകിയ ഭൂമി തരംമാറ്റുന്നത് വിലക്കിയിരിക്കുന്നതും അപ്രകാരം ചെയ്തത് പിന്നീട് കണ്ടെത്തിയാൽ ഭൂമി മിച്ചഭൂമിയായി മാറുന്നതും സർക്കാർ ഏറ്റെടുക്കുന്നതുമാണെന്നും സബ് കളക്ടർ അറിയിച്ചു.