ചേടാറ്റിൻ കാവിൽ ബാലാലയ പ്രതിഷ്ഠ

പുൽപ്പള്ളി: പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം സീതാദേവി ലവ കുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചേടാറ്റിൻ കാവിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലാലയ പ്രതിഷ്ഠാ കർമ്മം നടന്നു. താന്ത്രിക വിധി പ്രകാരമുള്ള പൂജാദി കർമ്മങ്ങളോടുകൂടി ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഗണപതിഹോമം, മൃത്യുഞ്ജയഹോമം എന്നിവ നടത്തി.ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ നവീകരണ കമ്മറ്റി ഭാരവാഹികളായ എൻ വാമദേവൻ, വിജയൻ കുടിലിൽ, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

സ്‌പെഷ്യൽ സ്‌കൂൾ വോളിബോൾ തുടങ്ങി

പുൽപ്പള്ളി: സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിന് കൃപാലയ സ്‌കൂളിൽ തുടക്കമായി. വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ബി. ശിവൻ ഉദ്ഘാടനം ചെയ്തു. സ്‌പെഷ്യൽ സ്‌കൂൾ ഏരിയാ ഡയറക്ടർ ഫാ.ജോയി കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. 15 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിന് മുന്നോടിയായി ദീപശിഖാ പ്രയാണം ടൗണിൽ നടന്നു. മത്സരം നാളെ സമാപിക്കും.

പെരുന്നാൾ തുടങ്ങി

പുൽപ്പള്ളി: പുൽപ്പള്ളി സെന്റ്‌ ജോർജ്ജ് സിംഹാസന കത്തീഡ്രലിൽ പെരുന്നാൾ തുടങ്ങി. വികാരി ഫാ.ബേബി ഏലിയാസ്‌ കാരക്കുന്നേൽ കൊടി ഉയർത്തി. പ്രധാന തിരുനാൾ നവംബർ 2, 3 തിയതികളിലാണ്. 2 ന് രാവിലെ തീർത്ഥാടകർക്ക് സ്വീകരണം, മൂന്നിന്മേൽ കുർബാന. കുർബാനയ്ക്ക്‌ ഡോ.തോമസ്‌മോർ അലക്സന്ത്രിയോസ് മെത്രാപോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. 3 ന് പെരുന്നാൾ സമാപിക്കും.

വിദ്യാർത്ഥിനികൾക്ക് കരാത്തെ പരിശീലനം

പുൽപ്പള്ളി: പഴശ്ശിരാജ കോളേജ് ഹിസ്റ്ററി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കരാത്തെ കോഴ്സ് ആരംഭിച്ചു. പുൽപ്പള്ളി എസ് ഐ എൻ അജിഷ് കുമാർ ഉദ്ഘാടനം ചെയ്തു. നൂറ് വിദ്യാർത്ഥിനികൾക്കാണ് പരിശീലനം നൽകുന്നത്. ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റ് നൽകുന്ന സ്‌കോളർഷിപ്പിന്റെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോൾ നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.അനിൽകുമാർ, ഫാ. വർഗ്ഗീസ് കൊല്ലം മാകുടി, ഡെ. എം ആർ ദിലീപ്,ഡോ.ജോഷി മാത്യു,ഡോ. താരാ ഫിലിപ്പ്, ലിസി തമ്പി, മനോജ് മാത്യു, റാണിമോൾ. കെ. എസ് അജയ്, തീർത്ഥ സന്തോഷ് അമൃത തുടങ്ങിയവർ നേതൃത്വം നൽകി.

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

പുൽപള്ളി: ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നവംബർ 5 ന് പുൽപ്പള്ളി ജീ ജീ കളരിസംഘത്തിൽ നടക്കും. മത്സരം രാവിലെ 8 ന് ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ നവംബർ 5 വരെ സ്വീകരിക്കും. സ്‌പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷൻ അംഗത്വമുള്ള കളരി സംഘങ്ങളിലെ താരങ്ങൾക്ക് പങ്കെടുക്കാം.