മുക്കം: അനാഥസംരക്ഷണം അപരാധമല്ലെന്ന സന്ദേശവുമായി മുക്കം മുസ്ലിം അനാഥശാലയെ സ്നേഹിക്കുന്നവർ ഇന്ന് മുക്കത്ത് സന്തോഷ പ്രകടനം നടത്തുന്നു.ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ദാരിദ്ര്യത്തോട് പടവെട്ടി ജിവിക്കുന്നതിനിടയിൽ വിദ്യാഭ്യാസം സ്വപ്നം കാണാൻ കഴിയാത്ത ബാലികാ ബാലൻമാരെ സദുദ്ദേശ്യത്തോടെ അനാഥശാലയിൽ താമസിപ്പിച്ച് ഭക്ഷണവും വസ്ത്രവും സൗജന്യമായി വിദ്യാഭ്യാസവും നൽകി വളർത്തിയെടുക്കുന്നതിനെ ബാലപീഡനമായും കുട്ടിക്കടത്തായും വ്യാഖ്യാനിച്ച് അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്തതു മൂലമുണ്ടായ പ്രയാസങ്ങൾ അതിജീവിച്ചതിന്റെ സന്തോഷം പ്രകടിപ്പിക്കാനാണ് പ്രകടനം.
മുക്കം മുസ്ലിം അനാഥശാലയിലേയ്ക്ക് ബീഹാർ ബംഗാൾ ജാർഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവന്നത് നിയമ വിരുദ്ധ കുട്ടിക്കടത്തല്ലെന്ന് ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ സി ബി ഐ കണ്ടെത്തുകയും അക്കാര്യം കോടതിയിൽ റിപ്പോർട്ട് സമർപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സന്തോഷ പ്രകടനം സംഘടിപ്പിക്കുന്നത്.
അനാഥശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പഠിതാക്കളും അദ്ധ്യാപകരടക്കമുള്ള ജീവനക്കാരും അഭ്യുദയകാംക്ഷികളും പങ്കെടുക്കുന്ന പ്രകടനം രാവിലെ 10 മണിക്ക് ഹിറ സ്കൂൾ വളപ്പിൽ നിന്നാണ് ആരംഭിക്കുന്നത്.