കാസർകോട്: മൊബൈൽ ഫോണിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂത്തുപറമ്പ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണം കാസർകോട്ടേക്ക് വ്യാപിപ്പിച്ചു. കാസർകോട് സ്വദേശികളായ ദമ്പതികൾക്ക് സംഭവവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ദമ്പതികളെ പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. ഇവർക്കൊപ്പം മൂന്നാറിലും എറണാകുളത്തും പെൺകുട്ടി താമസിച്ചിരുന്നു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുൺ (20) കണ്ണൂർ ശിവപുരം വെമ്പതട്ടിലെ എം. ലിജിൽ (26) കെ സന്തോഷ് (29) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിക് ടോക്കിലെ അഭിനയം കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. നാല് ദിവസത്തെ ക്യാമ്പുണ്ടെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. പെൺകുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് മാതാവ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്.
കോവളത്തു വച്ചാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ലിജിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാൾ ചന്ദന മോഷണകേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.